തിരുവനന്തപുരം ഡിവിഷനു കീഴിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍ക്കിങിന്‍റെ പേരില്‍ നടക്കുന്ന പകല്‍കൊളള കണ്ട് ഞെട്ടുകയാണ് യാത്രക്കാര്‍. ഇരുചക്ര വാഹനങ്ങളുടെ പ്രതിമാസ പാര്‍ക്കിങ് ഫീസ് 360 ല്‍ നിന്ന് 600 ലേയ്ക്കാണ് കുത്തനെ കൂട്ടിയത്. വര്‍ധന താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധമുയര്‍ത്തുകയാണ് യാത്രക്കാരുടെ സംഘടനകള്‍.
മഴയും വെയിലും കൊണ്ട് കിടക്കുന്ന വാഹനങ്ങള്‍. പേരിന് ക്യാമറ ഉണ്ടെങ്കിലും മോഷണവും പെട്രോള്‍ ഊറ്റലും പലയിടത്തും പതിവ്, അടിസ്ഥാന സൗകര്യങ്ങളിലൊന്നും വര്‍ധനയില്ലെങ്കിലും റെയില്‍വേ പാര്‍ക്കിങ് ഫീസ് കണക്കില്ലാതെ കൂട്ടിയിട്ടുണ്ട്. സീസണ്‍ യാത്രക്കാര്‍ കൂടുതലും ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളുടെ മാസവാടക 360 ല്‍ നിന്ന് 600 ആക്കിയാണ് കൂട്ടിയത്. പ്രീമിയം പാര്‍ക്കിങ്ങില്‍ 2 മണിക്കൂര്‍ ഇരുചക്രവാഹനം വയ്ക്കാന്‍ 15 രൂപ മുടക്കണം.
പിന്നെയുളള ഒാരോ മണിക്കൂറിനും 15 രൂപ വീതം അധിക ചാര്‍ജും. നാലുചക്രവാഹനങ്ങള്‍ക്ക് 2 മണിക്കൂറിന് 40 രൂപയും ബാക്കി ഒാരോ മണിക്കൂറിനും 30 രൂപ വീതവും നല്കണം. 24 മണിക്കൂര്‍ കാര്‍ പാര്‍ക്കിങ്ങിന് നേരത്തെ 580 രൂപയാണ് ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ 700 രൂപയാണ് നിരക്ക്. സ്ഥിരമായി ട്രെയിന്‍ യാത്ര നടത്തുന്നവരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. ആവശ്യപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും വാഹന പാര്‍ക്കിങിനുളള സീസണ്‍ പാസ് നല്കുന്നില്ലെന്നും പരാതിയുണ്ട്. ഹെല്‍മെറ്റ് , റെയിന്‍കോട്ടുമൊക്കെ ക്ളോക്ക് റൂമില്‍ സൂക്ഷിക്കാനും കാശ് വേറെ മുടക്കണം.