മുതലപ്പൊഴിയിൽ മണൽ നീക്കാൻ അഴീക്കൽ തുറമുഖത്തുനിന്നും കൂറ്റൻ ഡ്രജർ എത്തി. ഡ്രജർ പൊഴിമുഖത്തേക്ക് പ്രവേശിക്കണമെങ്കിൽ 12 മീറ്റർ വീതിയിലും രണ്ടു മീറ്റർ ആഴത്തിലും പൊഴി മുറിക്കണം. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ശ്രമം പരാജയപ്പെടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
സംസ്ഥാന മറീൻ ബോർഡിന്‍റെ ചന്ദ്രഗിരി ഡ്രജർ പുലർച്ചെയോടെയാണ് മുതൽപ്പൊഴി തീരത്തിന് അടുത്ത് എത്തിയത്. പൊഴിമുഖത്തെക്ക് ഡ്രജർ പ്രവേശിക്കാൻ പാകത്തിൽ മണൽ നീക്കം ചെയ്യുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഡ്രജറിൽ ഫിറ്റ് ചെയ്യാനുള്ള വലിയ പൈപ്പുകളും എത്തി. മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ നീക്കം ചെയ്യാൻ ശേഷിയുള്ളതാണ് പുതിയ ഡ്രജർ. എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോയാൽ മേയ് പതിനഞ്ചിനകം പൊഴി പഴയ രൂപത്തിൽ അക്കാനാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ ഉദ്യോഗസ്ഥർ പറയുന്നത് പോലെ കാര്യങ്ങൾ നടക്കുമോ എന്നതിൽ സംശയം ഉണ്ടെന്ന് നാട്ടുകാരും സമര സമിതിക്കാരും പ്രതികരിച്ചു. 130 മീറ്റർ നീളത്തിലാണ് പൊഴിയിൽ മണൽത്തിട്ട രൂപപ്പെട്ടിരിക്കുന്നത്. ഇത് പൂർണമായും നീക്കി 5 മീറ്റർ ആഴത്തിൽ പൊഴിയിൽ ഉണ്ടാക്കിയെങ്കിലേ യാനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാനാകൂ. മൻസൂണിന് മുമ്പ് അത് പൂർത്തിയായില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.