കാടിന് കരുതലൊരുക്കുന്നവരുടെ പിന്തുടർച്ചക്കാർക്ക് സ്നേഹത്തിന്‍റെ മണ്ണളന്ന് നൽകി വനം വകുപ്പ്. ജീവനും സ്വത്തിനും സുരക്ഷ നൽകാൻ മാത്രമല്ല കുരുന്നുകളുടെ സ്വപ്നം യാഥാർഥ്യമാക്കി നൽകാനുള്ള ആർജവമുണ്ടെന്ന് കേരള പൊലീസും തെളിയിച്ചു. ജനവാസമേഖലയിലെ അതിരുകൾ കടന്ന് ജണ്ട സ്ഥാപിക്കാൻ മാത്രം വേഗത കൂട്ടുന്നവരെന്നെ വനം വകുപ്പിന്‍റെ വിളിപ്പേര് മാറിയപ്പോൾ തിരുവനന്തപുരം പൊടിയാക്കാല ആദിവാസി ഊരിൽ കുട്ടികളുടെ പഠന വഴിയിൽ പുസ്തകം മാത്രമല്ല കണ്ണഞ്ചിപ്പിക്കുന്ന പാസുകളും ഗോളുകളും അധ്യായമാവുകയാണ്.
മലമടക്കിൽ നിന്നും മേഘ പാളികൾ ഉയരെ ഉയരെ നീങ്ങി അതിരു കാക്കുന്നിടത്തേക്ക്. പച്ചപ്പിന്‍റെ ഇഴയടുപ്പമുള്ള പരവതാനിക്കപ്പുറം പലകുറി കണ്ടും കേട്ടും ശുദ്ധവായു ശ്വസിക്കാൻ കാമ്പുള്ള ഇടം തേടിയുള്ള വരവ്. നിഴലും പച്ചപ്പും കടന്ന് നീങ്ങി നീങ്ങി ചോല മാറി വെയില് തെളിയുന്ന വഴികളിലൂടെയുള്ള സഞ്ചാരം. അങ്ങനെ നീളുന്ന ഒറ്റയടിപ്പാതയിലൂടെ ചിരിപ്പതക്കം സമ്മാനിക്കുന്ന ചിലരുടെ വരവുണ്ട്. ഓർമകൾ മാത്രമല്ല യാഥാർഥ്യവും ഇതൾ പൊഴിക്കുന്ന കാടൊരു കാടായ മൺപാതയിലൂടെ നീങ്ങുമ്പോൾ വല കുലുക്കുന്ന ആവേശം.
ചിന്നം വിളിച്ചും ഓലപ്പുരയിൽ പാവങ്ങൾ അന്തിയുറങ്ങുന്ന ഇടം തകർത്തും ആനക്കൂട്ടം നിലയുറപ്പിക്കുന്ന വഴിയിലൂടെയുള്ള ഇവരുടെ വരവ് പഠനമുറി തേടിയുള്ള മറ്റൊരു അധ്യായത്തിൻ്റെ കായികപാഠം ആവേശത്തോടെ മെയ് വഴക്കം തീർക്കാനാണ്. അരയേക്കർ മൺതിട്ട അടയാളപ്പെടുത്തുന്ന ഇടമായതിന് പിന്നിൽ വർഷങ്ങളുടെ പ്രയത്നമുണ്ട്. കൊല കൊല്ലിയെന്ന് പേരെടുത്ത കൊമ്പൻ കാൽച്ചുവട്ടിൽ ചവിട്ടിയരച്ചവരുടെ അവകാശികൾ ഉൾപ്പെടെ എഴുപതിലേറെ കുടുംബങ്ങൾ പൊടിയക്കാല ആദിവാസി ഊരിലുണ്ട്. കുട്ടികളുടെ എണ്ണം ഇരുപത്തി അഞ്ചിനോട് അടുക്കും. ആനപ്പേടിയിലെ ചങ്കിടിപ്പ് ഉള്ളിലൊതുക്കി നീങ്ങുന്ന ഇവർക്ക് വീടകത്തളങ്ങളായിരുന്നു കളിസ്ഥലം. പുസ്തകങ്ങളിലെ അധ്യായം മാത്രമല്ല കായികപാഠം കൂടി ഹൃദ്യസ്ഥമാക്കണമെന്ന ചിന്തയിൽ ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ ഊരിലെ അദാലത്തിൽ അവർ ചങ്കുറപ്പോടെ പറഞ്ഞു. പഠനത്തിനൊപ്പം ഞങ്ങൾക്ക് വിയർത്ത് കളിക്കാനും ഇടം വേണം.
വനത്തിനുള്ളിൽ എങ്ങനെ കളിയിടമൊരുക്കുമെന്ന ചിന്തയ്ക്കിടെ കീഴ്‌വഴക്കങ്ങൾ മാറി. പൊലീസിൻ്റെ നിർദേശം വനം വകുപ്പ് ഏറ്റെടുത്തതോടെ അരയേക്കർ കളിയിടമായി. കളിയിടമൊരുങ്ങിയെങ്കിലും ഇവർക്ക് സാങ്കേതികത്വം പറഞ്ഞ് കൊടുക്കാനോ പിഴവ് രഹിതമാക്കാനോ പരിശീലകനില്ല. പരിഭവങ്ങൾക്ക് അവധി നൽകി ഒരേ താളത്തിൽ ഇവരുടെ വരവും ആവേശവുമെല്ലാം കാടറിഞ്ഞ്, വഴിനീളെ അകലം താണ്ടി അറിയപ്പെടാത്തവരെന്ന് നിരന്തരം പറഞ്ഞവരുടെ അടുത്ത് എത്താനാണ്