നവംബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ മത്സരച്ചൂടിലാണ് തിരുവനന്തപുരം നഗരസഭ പരിധിയിലെ ശ്രീവരാഹം വാർഡ്. കൗൺസിലർ ആയിരുന്ന സിപിഐയുടെ എസ്. വിജയകുമാർ അന്തരിച്ച ഒഴിവിലാണ് മത്സരം . ഉപതിരഞ്ഞെടുപ്പ് ആണെങ്കിലും മത്സരം മൂന്ന് മുന്നണികൾക്കും അഭിമാനപ്പോരാട്ടമാണ്.
ഫൈനൽ പോരാട്ടത്തിന് ഒൻപത് മാസം മാത്രം ശേഷിക്കേ, കോർപറേഷൻ തെരഞ്ഞെടുപ്പിലെ സെമി പോരാട്ടമാണ് ഉപതിരെഞ്ഞെടുപ്പിൽ തെളിയുന്നത്. സിറ്റിങ് വാർഡ് നിലനിർത്താനുള്ള ശക്തമായ ശ്രമത്തിൽ എൽ.ഡി.എഫും കഴിഞ്ഞതവണ കൈവിട്ടുപോയ വാർഡ് തിരിച്ചുപിടിക്കാൻ ബി.ജെ.പി.യും വാര്‍ഡില്‍ കൈപ്പത്തി ഉയർത്താൻ യു.ഡി.എഫും കട്ടയ്ക്ക് തന്നെയാണ് പ്രചരണം.
അന്തരിച്ച കൗൺസിലർ വിജയകുമാറിനൊപ്പം പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വി. ഹരികുമാറാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. വാര്‍ഡില്‍ ഇടത്പക്ഷത്തിന് വലിയ മുന്നേറ്റമുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും ഹരികുമാർ പറഞ്ഞു.
മുൻ കൗൺസിലറായ ആർ.മിനിയാണ് ബി.ജെ.പി. സ്ഥാനാർഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മിനി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞ ടേമിലെ വികസന പ്രവർത്തനങ്ങൾ മാത്രം മതി വിജയിക്കാണെന്നാണ് സ്ഥാനാർഥി പറയുന്നത്.
2020-ൽ ഇതേ വാർഡിൽ മത്സരിച്ച ബി. സുരേഷ്‌കുമാറാണ് യു.ഡി.എഫ്. സ്ഥാനാർഥി. നാട്ടുകാര്‍ക്കൊപ്പം എന്നും കൂടെയുണ്ടായുരുന്നെന്നും യുഡിഎഫിനെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്നും ബി. സുരേഷ്‌കുമാർ പറയുന്നു.
നവംബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മത്സരം എന്ന നിലയിൽ മൂന്ന് മുന്നണികൾക്കും ഇത് അഭിമാനപ്പോരാട്ടമാണ്.