അപകടക്കെണിയായി പത്തനംതിട്ട കല്ലടയാറിലെ കുളിക്കടവ്. ശബരിമല തീര്‍ഥാടകര്‍ ആശ്രയിക്കുന്ന കുളിക്കടവിന്റെ പടിക്കെട്ടുകള്‍ കാടുപിടിച്ച നിലയിലാണ്. ആഴമുള്ള ആറിന് സമീപം സുരക്ഷാമുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല.
എംസി റോഡിന്റെ സമീപത്ത് ഏഴംകുളം പഞ്ചായത്ത് പരിധിയിലെ കല്ലടയാറ് കുളിക്കടവിനെ ആശ്രയിക്കുന്നത് നൂറുകണക്കിന് തീര്‍ഥാടകരാണ്. ബെയ്ലി പാലത്തിനായി സ്ഥാപിച്ച കല്‍ക്കട്ട് പൊളിച്ചുനീക്കാത്തതിനാല്‍ കടവില്‍ ഇറങ്ങാനാകില്ല. വശങ്ങളില് കാടുപിടിച്ചിരിക്കുന്നിടത്തുകൂടി ഇറങ്ങുന്നത് ആഴമുള്ള ഭാഗത്തേക്കാണ്. ഇതറിയാതെ പോകുന്നവരാണ് അപകടത്തില്‍പെടുന്നവരില്‍ ഏറെയും.
കുളക്കട പഞ്ചായത്തില്‍ ഉള്‍പ്പെട്ട മറുകരയില്‍ കുളിക്കടവ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവേശനം നിരോധിച്ചിരിക്കുകയാണ്. വിശ്രമ കേന്ദ്രത്തിന്റെ പടിക്കെട്ട് ആഴമുള്ള ഭാഗത്തേക്കായതിനാലാണ് കടവ് തുറന്നുനല്‍കാത്തത്. സമീപത്തെ ഏനാത്ത് കവലയിലും ബസ് സ്റ്റാന്‍ഡിലുമുള്ള ശുചിമുറികളും പ്രവര്‍ത്തനരഹിതമാണ്. തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാത്തതും സുരക്ഷാപ്രശ്നമുണ്ടാക്കുന്നു. പടവുകളോടു കൂടി സുരക്ഷിതമായ കുളിക്കടവും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.