പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് മാർത്തോമ്മാ സ്കൂളിലേക്ക് പോകുന്ന വഴിയിലെ ഓടയ്ക്കുള്ളിൽ കുടുങ്ങിയ നായ്ക്കുഞ്ഞിനെ മൃഗസ്നേഹികൾ സാഹസികമായി രക്ഷപ്പെടുത്തി. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ മരണത്തോട് മല്ലിട്ട കുഞ്ഞുങ്ങൾക്കാണ് മൃഗസ്നേഹികളുടെ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചത്.
ഒരു അമ്മപ്പട്ടി പ്രസവിച്ച നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണമാണ് ഇളകിയ സ്ലാബിനിടയിലൂടെ ഓടയിലേക്ക് വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ട കൗഷിക്ക് എന്ന യുവാവ് രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ സ്ലാബിന്റെ ഇടയിലൂടെ കൈ കടത്തി രണ്ട് കുഞ്ഞുങ്ങളെ പുറത്തെടുത്തു. എന്നാൽ മൂന്നാമത്തെ കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. വായുസഞ്ചാരമോ അകത്തേക്ക് കടക്കാൻ ആവശ്യമായ തുറസ്സായ ഭാഗമോ ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായി.
കൗഷിക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ പത്തനംതിട്ടയിലെ മൃഗസംരക്ഷണ പ്രവർത്തകരും കോന്നി സ്വദേശികളുമായ അജാസും ടോബിനും സ്ഥലത്തെത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഓടയുടെ സ്ലാബുകൾ മാറ്റി, മനുഷ്യന് പോലും പ്രയാസപ്പെട്ട് കടക്കാവുന്ന ഇടുങ്ങിയ ഭാഗത്തുകൂടി ഏകദേശം 50 മീറ്ററോളം ഇഴഞ്ഞുനീങ്ങിയാണ് ഇവർ കുഞ്ഞിനെ കണ്ടെത്തി പുറത്തെടുത്തത്.
ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാതിരുന്നതിനാൽ കുഞ്ഞ് തീർത്തും അവശനിലയിലായിരുന്നു. ഉടൻ തന്നെ വയറുനിറയെ ഭക്ഷണവും വെള്ളവും നൽകി. തുടർപരിചരണത്തിനും താൽക്കാലിക സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ കുഞ്ഞുങ്ങളെ കാണാതായതോടെ നിസ്സഹായയായി ഓടയ്ക്ക് ചുറ്റും അലഞ്ഞുനടക്കുകയായിരുന്നു അമ്മപ്പട്ടി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞിനെ തിരിച്ചുകിട്ടിയപ്പോൾ അമ്മപ്പട്ടിക്കും ആശ്വാസമായി.