പത്തനംതിട്ട കോന്നിയില്‍ റൈഡേഴ്സ് സംഘത്തിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി നിവിന്‍ ആണ് മരിച്ചത്. 22 വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
കോന്നിയില്‍ നിന്ന് തണ്ണിത്തോട്ടിലേക്കുള്ള യാത്രയ്ക്കിടെ എലിമുള്ളുംപ്ലാക്കല്‍ പേരുവാലി ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ തേക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിവിന്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ബാലരാമപുരം സ്വദേശിക്കും ഗുരുതര പരുക്കുണ്ട്. ബൈക്കിന്‍റെ ക്രാഷ് ഗാര്‍ഡ് മരത്തിലേക്ക് തുളച്ചു കയറിയ നിലയിലാണ്.
മുപ്പതോളം പേരുടെ സംഘമാണ് തിരുവനന്തപുരത്ത് നിന്ന് കോന്നിയിലെത്തിയത്. വലിയ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആംബുലന്‍സ് വിളിച്ച് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.