ഏഴു പതിറ്റാണ്ടോളം വഴിയില്ലാതെ ദുരിതത്തിലായ നാല് കുടുംബങ്ങൾക്ക് ഇനി സ്വന്തം വഴിയിലൂടെ വീട്ടിലെത്താം. എഴുപതാം പിറന്നാളിന് മുന്നോടിയായി പത്തനംതിട്ട മെഴുവേലി സ്വദേശി ചെറിയാൻ മാത്യുവാണ് സ്വന്തം പുരയിടത്തിലൂടെ വഴിയൊരുക്കിയത്.
മെഴുവേലി പഞ്ചായത്തിലെ നാലാം വാർഡിലെ നാല് കുടുംബങ്ങളാണ് ഇത്രയും കാലം വഴിയുടെ ദുരിതം അനുഭവിച്ചത്. മഴക്കാലത്ത് ചെളിയും വെള്ളവും നിറഞ്ഞ ഇടവഴിയിലൂടെയായിരുന്നു യാത്ര. വീണും പരുക്കേറ്റും ചികിത്സ പോലും വൈകിയ അനുഭവങ്ങൾ ഇവർക്കുണ്ട്.
വർഷങ്ങളായുള്ള ദുരിതം മനസ്സിലാക്കിയ പഞ്ചായത്ത് പ്രസിഡന്റ് നെജോ മെഴുവേലിയാണ് ചെറിയാൻ മാത്യുവിനോട് സഹായം അഭ്യർഥിച്ചത്. സ്വന്തം പുരയിടത്തിലൂടെ വഴി നൽകാൻ ചെറിയാൻ മാത്യു തയ്യാറായതോടെ കുടുംബങ്ങളുടെ കാത്തിരിപ്പിനും വിരാമമായി.
പുതിയ വഴിയിലൂടെ ഇനി രോഗികളെയും പ്രായമായവരെയും വാഹനത്തിൽ വീട്ടിലെത്തിക്കാം. വർഷങ്ങളായുള്ള ദുരിതത്തിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ് കുടുംബങ്ങൾ. വഴിയൊരുക്കാനുള്ള ചെലവും ചെറിയാൻ മാത്യു തന്നെയാണ് വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരും വഴിവെട്ടൽ ജോലിയിൽ പങ്കാളികളായി.