pathanamthitta

വർഷങ്ങളായി വാഹനം എത്തുന്ന വഴി കാത്തിരിക്കുകയാണ് പത്തനംതിട്ട മണ്ണടിയിലെ മുപ്പതിലധികം കുടുംബങ്ങൾ. ഒരു കിലോമീറ്റർ വരുന്ന നടപ്പാത സമീപത്തെ നീർച്ചാലിലെ വെള്ളം കയറി ഇടിഞ്ഞു നശിക്കുകയാണ്.

പത്തനംതിട്ട മണ്ണടി ദേശക്കല്ല് മൂട്ടിലെ 30 കുടുംബങ്ങളാണ് വഴി കാത്തുകഴിയുന്നത്. കടമ്പനാട് പഞ്ചായത്തിലെ എട്ടാം വാർഡാണ്. രണ്ടു പ്രധാന പാതകളെ ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്റർ നടപ്പാതയാണ് ഉള്ളത്. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയില്ല. കാടു മൂടി കിടക്കുന്ന നടപ്പാതയിൽ രാത്രി കാലത്ത് കാൽനട യാത്രയും പ്രയാസമാണ്. അസുഖ ബാധിതരേയും, മൃതദേഹങ്ങളും തോളിൽ ചുമന്നാണ് പ്രധാന നിരത്തിലെത്തിക്കുന്നത്. നടപ്പാതയുടെ ഒരു ഭാഗം താഴ്ചയാണ്. സമീപം നീർച്ചാലുമുണ്ട്. നടപ്പാതയ്ക്കും നീർച്ചാലിനും സംരക്ഷണ ഭിത്തിയില്ല. നീർച്ചാലിലേക്ക് ഇടിഞ്ഞു വീണാണ് നടപ്പാത ഇല്ലാതാകുന്നത്

ഒരു കിലോമീറ്റർ വരുന്ന നടവഴിയുടെ ഒരു വശത്ത് കൃഷിയിടവും മറു വശത്ത് വീടുകളും പറമ്പുമാണ്. വെള്ളപ്പാച്ചിലിൽ നടപ്പാത തകർന്ന് കൃഷിയിടങ്ങളിലും വെള്ളം കയറുന്നുണ്ട്. കൃഷിയിടങ്ങളിൽ സാധനങ്ങൾ എത്തിക്കാൻ കർഷകർക്കും പ്രയാസമാണ്. സമീപവാസികൾ സ്ഥലം വിട്ടുകൊടുക്കാൻ തയാറാണ്. നീർച്ചാൽ സംരക്ഷിച്ചും പാതയുടെ വശങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടിയും വഴി വികസിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ENGLISH SUMMARY:

Pathanamthitta Mannady road issue highlights the struggles of over thirty families who are waiting for a motorable road as their only walkway collapses into a nearby stream. Residents in Kadampanad panchayat are forced to carry patients and corpses on their shoulders due to the lack of proper infrastructure.