കോന്നിയിലെ വിവാദ പാറമടയ്ക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നാട്ടുകാർക്ക് ഉണ്ടാക്കിയ ദുരിതം തീരുന്നില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനൊപ്പം ജലനിധി പദ്ധതിയുടെ വാട്ടർ ടാങ്കിനും വിള്ളലും ബലക്ഷയവും ഉണ്ടായെന്നാണ് നാട്ടുകാരുടെ പരാതി. ഉമ്മൻചാണ്ടി സർക്കാറിനെ വിവാദത്തിൽ കുരുക്കിയ സോളർ കേസ് പരാതിക്കാരൻ മല്ലേലിൽ ശ്രീധരന്‍ നായരുടേതാണ് പാറമട.
മഞ്ഞക്കടമ്പ് പുത്തൻവീട്ടിൽ നിയാസിന്റെ വീടിന്റെ അടുക്കളയിലെ പാതകത്തിന്റെ ടൈലുകൾ ഇളകിവീണതായും ഭിത്തിയിൽ വിള്ളൽ ഉണ്ടായതായും കുടുംബം പരാതിപ്പെട്ടു. സമീപത്തെ ജലനിധി വാട്ടർ ടാങ്കിലും വിള്ളലുകൾ രൂപപ്പെട്ടതോടെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ള വിതരണത്തെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാറമടയിൽ പാറപൊട്ടിക്കുന്നതിനിടെ തെറിച്ച കല്ല് സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് തൊഴിലാളിയുടെ ദേഹത്തും പതിച്ചിരുന്നു. മരത്തിൽ തട്ടി ശക്തി കുറഞ്ഞതിനാൽ കല്ല് തോളിൽ വീണെങ്കിലും തൊഴിലാളി ലിജോ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
പാറമടയുടെ പ്രവർത്തനം മൂലം വീടുകൾക്കും കുടിവെള്ള പദ്ധതിക്കും മാത്രമല്ല, സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മെഡിക്കൽ കോളേജിന്റെയും പ്രവർത്തനത്തിനും ഭീഷണിയുണ്ടാകുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
കോൺഗ്രസിന് വലിയ ഉപദ്രവമുണ്ടാക്കിയ വ്യവസായിക്ക് വഴിവിട്ട് അനുമതി നൽകിയെന്ന പരാതിയിലാണ് കോൺഗ്രസ് പ്രവർത്തകർ. കോന്നി പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് ഭരണസമിതിയാണ് നാട്ടുകാർക്ക് ഉപദ്രവമായ പാറമടയ്ക്ക് അനുമതി നൽകിയത് . ഇതിനെതിരെ ഭരണ സമിതിയിലെ ഒരു വിഭാഗം കോൺഗ്രസുകാർ തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതോടെയാണ് സ്‌റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്ത് തീരുമാനിച്ചത്. ഇത്രയും വിവാദമുണ്ടായിട്ടും പത്തനംതിട്ട ഡിസിസി ഇതിൽ ഇടപെട്ടിട്ടുമില്ല. മല്ലേലിൽ ശ്രീധരൻ നായരെ ജില്ലയിലെ നേതാക്കൾ തന്നെ സഹായിക്കുന്നു എന്നാണ് വിമർശനം. ഇത്രയും പ്രതിഷേധം ഉണ്ടായിട്ടും ബിജെപിയോ സിപിഎമ്മോ ഇടപെട്ടിട്ടില്ല.