കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുകാരിക്ക് 86 വയസ്സുകാരിയുടെ എക്സറേ മാറി നൽകിയതിൽ ഒരു താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ . XRay കൃത്യമായി പരിശോധിക്കാതെ മരുന്നു നൽകിയ ഡോക്ടർക്ക് താക്കീത് നൽകി. നടപടി ഒരാളിൽ ഒതുങ്ങില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.
റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതോടെയാണ് നടപടി. എക്സ്-റേ പരിശോധിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ഡോക്ടർക്ക് താക്കീത് മാത്രമാണ് നൽകിയത്. ആരോഗ്യമന്ത്രി ഇടപ്പെട്ടതോടെയാണ് അവധിയിലായിരുന്ന സൂപ്രണ്ട് ഇന്നലെ തിരിച്ചെത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത് . ഡി എം ഇ ക്കാണ് റിപ്പോർട്ട് നൽകിയത്. കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു
കഴിഞ്ഞ 14-ന് ശ്വാസതടസ്സവുമായി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ പതിനാറു വയസ്സുകാരിക്ക് ആണ് 86 വയസ്സുകാരി ദേവകിയമ്മയുടെ എക്സറേ മാറി നൽകിയത്. എക്സറേ പരിശോധിക്കാതെ ഡോക്ടർ നട്ടെല്ലിന് വളവുണ്ട് എന്ന് പറഞ്ഞ് മരുന്നു നൽകിയിരുന്നു. ശ്വാസകോശ പരിശോധനയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്-റേ മാറിയത് തിരിച്ചറിഞ്ഞതും കുടുംബം പരാതി നൽകിയതും. പേര് പരിശോധിക്കാതെ മരുന്നു നൽകിയ ഡോക്ടർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം