കൊടും ചൂടിനെ അതിജീവിച്ച് കൃഷിയിടങ്ങളിൽ വെറ്റില തളിരിടുമ്പോൾ വിപണിയിൽ വിലയില്ല. വെറ്റിലക്കൃഷി ജീവിത മാർഗമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. പത്തനംതിട്ട അടൂര്‍ ഏനാത്തെ കര്‍ഷകരാണ് ദുരിതം പറയുന്നത്.
കൊടും ചൂടിലും ഏനാത്തെ വയലുകളില്‍ വെള്ളിലക്കൃഷി തളിര്‍ത്തു നില്‍ക്കുന്നു. അത്രയേറെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയെടുക്കുന്നത്. പക്ഷെ വിപണിയില്‍ വേണ്ട വില കിട്ടുന്നില്ല. മുൻ വർഷങ്ങളിലേതിനേക്കാൾ മൊത്തക്കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. വിപണിയിൽ എത്തിക്കുന്ന വെറ്റില കച്ചവടക്കാർ പറയുന്ന വിലയ്ക്ക് കർഷകർക്ക് വിൽക്കേണ്ടി വരുന്നു. ജില്ലയിലെ പഴയകാല വെറ്റില വിപണിയായ പറക്കോട് അനന്തരാമപുരം ചന്തയിൽ 10 വർഷം മുൻപ് 1000ൽ അധികം കർഷകർ വെറ്റിലയുമായി എത്തുമായിരുന്നു. ഇന്ന് 400ൽ താഴെ കർഷകരാണ് എത്തുന്നത്. പന്തളം, നെല്ലിമുകൾ തുടങ്ങി വിവിധ പ്രദേശങ്ങളിലെ വെറ്റില വിപണിയിൽ സമാന സ്ഥിതിയാണ്. ഒരു കെട്ട് വെറ്റിലയ്ക്ക് 100 രൂപയ്ക്ക മുകളില്‍ കിട്ടിയാലേ ലാഭമുള്ളു. വിപണിയിൽ ആവശ്യക്കാർ കുറയുമ്പോൾ വില 30 രൂപയിൽ താഴെയെത്തും.
മേയ്, ജൂൺ മാസങ്ങളിലും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുമാണ് കൃഷിയിറക്കുന്നത്. കാലം തെറ്റി വരുന്ന ചൂട് കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. 10 സെന്റിൽ കൃഷിയിറക്കണമെങ്കിൽ 50000 രൂപയിലധികം ചെലവഴിക്കണം. കൃഷി നിലനിർത്താനാവശ്യമായ ഈറ, മുള എന്നിവയ്ക്ക് വില ഉയർന്നതിനൊപ്പം ക്ഷാമവും നേരിടുന്നു. ജില്ലയിലെയും സമീപ ജില്ലകളിലെയും ബാംബൂ കോർപ്പറേഷൻ വിപണികളിൽ ഈറ കിട്ടാനില്ല. ഉയർന്ന ജോലിക്കൂലി കാരണം കുടുംബാംഗങ്ങളെയും സഹായികളാക്കിയാണ് മിക്ക കർഷകരും കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്. 100 കെട്ട് വെറ്റില വിളവെടുത്ത് അടുക്കി ചന്തയിൽ എത്തിക്കണമെങ്കിൽ നാലു പേരുടെ സഹായം വേണം. തമിഴ്നാട്ടില്‍ നിന്നും വടക്കന്‍ ജില്ലകളില്‍ നിന്നും എത്തുന്ന മൊത്തക്കച്ചവടക്കാരാണ് വിലകുറയാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. വിളവെടുത്ത് അധിക സമയം സൂക്ഷിച്ച് വയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കിട്ടുന്ന വിലയ്ക്ക് കൊടുക്കേണ്ടിവരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.