വെള്ളപ്പൊക്കം കഴിഞ്ഞതിന് പിന്നാലെ കര്‍ഷകരെ തകര്‍ത്ത് കൊടും ചൂട്. പകല്‍സമയത്തെ കനത്ത ചൂടില്‍ വിളകള്‍ കരിഞ്ഞുണങ്ങുകയാണ്. സെപ്റ്റംബറില്‍ തന്നെ ഇങ്ങനെ കരിഞ്ഞാല്‍ വരുന്ന മാസങ്ങളില്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
അതിവേഗം വന്നു കയറിയെ വെള്ളപ്പൊക്കത്തില്‍ നിന്ന് കരകയറിയതിന് പിന്നാലെയാണ് കൊടുംചൂട് വന്നത്. പകല്‍സമയത്തെ വെയിലിന് കടുത്ത ചൂടാണ്. നട്ടുവളര്‍ത്തി വിളവിന് പാകമായതെല്ലാം കനത്ത ചൂടില്‍ കരിഞ്ഞുണങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരം അനുഭവം ആദ്യമായാണ് എന്ന് കര്‍ഷകരായ മോഹനനും വിജയനും പറയുന്നു
പയര്‍,പാവല്‍,കോവല്‍ തുടങ്ങിയ പന്തല്‍കൃഷികളെല്ലാം കരിഞ്ഞുണങ്ങുകയാണ്. ഇലകള്‍ പൂര്‍ണമായും ഉണങ്ങി. ചേമ്പ്,ചീനി,ചേന തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളും പ്രതിസന്ധിയിലാണ്. കിഴങ്ങുകള്‍ക്ക് വലുപ്പം കിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വെള്ളമൊഴിച്ചിട്ടും പകല്‍സമയത്തെ ചൂടില്‍ ചേനയുടെ ഇലകളടക്കം ഉണങ്ങിപ്പോവുകയാണ്. ചൂട് ഇങ്ങനെ തുടര്‍ന്നാണ് ഇനി ഈ വര്‍ഷം വിളവിറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കടം വാങ്ങിയും,ബാങ്ക് ലോണ്‍ എടുത്തും,പണയും വച്ചുമാണ് പലരും കൃഷിയിറക്കുന്നത്.ഈ രണ്ടു കര്‍ഷകര്‍ മാത്രമല്ല ജില്ലയിലെ കര്‍ഷകരാകെ പ്രതിസന്ധിയിലാണ്.