ചെറുവത്തൂർ മടക്കര മത്സ്യബന്ധന തുറമുഖത്തിൽ ചെറുകിട മത്സ്യക്കച്ചവടക്കാരുടെ പണിമുടക്ക്. ഇടനിലക്കാരുടെ ചൂഷണവും ഹാർബറിലെ ശോചനീയാവസ്ഥയും ആരോപിച്ചാണ് കച്ചവടക്കാർ സമരത്തിലേക്ക് ഇറങ്ങിയത്.

പാലക്കോട്, പുതിയങ്ങാടി മത്സ്യബന്ധന തുറമുഖങ്ങളെ അപേക്ഷിച്ച് മടക്കരയിൽ ഉയർന്ന വിലയാണ് ഈടാക്കുന്നതെന്നാണ് കച്ചവടക്കാരുടെ പരാതി. ഇതിന് പുറമെ ലേലക്കാരുടെ ഇടപെടലും കച്ചവടക്കാർക്ക് തിരിച്ചടിയാകുന്നു. കരയിലെത്തിക്കുന്ന മത്സ്യം കച്ചവടക്കാർക്ക് വിൽപ്പന നടത്തിയ ശേഷം ലേലക്കാർ കയ്യിട്ടുവാരുന്നതായും ആരോപണമുണ്ട്. ഇതേ തുടർന്ന് ആണ്  മത്സ്യതൊഴിലാളികൾ സമരം ചെയ്തത്. തലച്ചുമടായി മത്സ്യം വിൽക്കുന്നവരും വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരും ഉൾപ്പെടെ മുഴുവൻ ചെറുകിട കച്ചവടക്കാരും സമരത്തിൽ പങ്കെടുത്തു.

വൻകിടക്കാരുടെ ഹാർബർ കയ്യേറ്റം അവസാനിപ്പിക്കുക, മൊത്തക്കച്ചവടക്കാർ ചില്ലറ മത്സ്യം വിളിച്ചെടുക്കുന്നത് ഒഴിവാക്കുക, ഹാർബറും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പതിനൊന്നോളം ആവശ്യങ്ങളാണ് കച്ചവടക്കാർ ഉന്നയിക്കുന്നത്. വിഷയത്തിൽ പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്നാണ് സമരക്കാരുടെ ആവശ്യം.

ENGLISH SUMMARY:

The Madakkara fishing harbour in Cheruvathur is facing a strike by small-scale fish vendors protesting against the exploitation by middlemen and the poor condition of the harbour. They are demanding an end to the encroachment of the harbour by large-scale businesses, removal of wholesale traders from bidding on retail fish, and improved sanitation of the harbour premises.