തിരുവനന്തപുരം കാട്ടാക്കടയില്‍  ഗുണ്ടാസംഘം വീട് തീവച്ച് നശിപ്പിച്ചു. കാട്ടാക്കട സ്വദേശി ആനന്ദിന്‍റെ വീടാണ് രണ്ടുതവണ സംഘം അക്രമിച്ചത്. ആനന്ദിന്‍റെ സഹോദരി പുത്രന്‍ അഖില്‍ മോഹനുമായുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന.

രണ്ട് ദിവസത്തിനിടെ രണ്ട് തവണയാണ് ആനന്ദിന്‍റെ വീട് ഗുണ്ടാസംഘം അക്രമിച്ചത്. രണ്ട് ദിവസം മുമ്പ് പത്തംഗ സംഘം വീടിനുള്ളിലെ കട്ടിലുകള്‍ ഉള്‍പ്പെടെ തൊട്ടടുത്തുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന്  ഡീസല്‍ ഒഴിച്ച് വീട് കത്തിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ സംഘം വീണ്ടുമെത്തി വീടിന്‍റെ ജനലുകളും വാതിലുകളും അടിച്ചുതകര്‍ത്തു. ആനന്ദിന്‍റെ സഹോദരിയാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ മകന്‍ അഖില്‍ മോഹനുമായുളള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. അഖില്‍ മോഹനെ തേടിയെത്തിയ ഗുണ്ടാ സംഘം വീട് അക്രമിക്കുകയായിരുന്നു. 

അഖില്‍ മോഹന്‍ വാഹനം അക്രമിച്ച കേസില്‍ പ്രതിയാണ്. ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു. വീടക്രമിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംശയിക്കപ്പെടുന്ന പ്രതികള്‍ക്കെതിരെ കഞ്ചാവ് കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ENGLISH SUMMARY:

Kattakkada witnesses a brutal gang attack where a house was set on fire by a criminal group. The incident, involving vandalism and arson, appears to be linked to a dispute involving Anand's nephew, Akhil Mohan.