പത്തനംതിട്ട കോന്നിയിൽ സ്വകാര്യ പ്ലാസ്റ്റിക് പുനരുപയോഗ കമ്പനിയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ യുവാവിന് സഹായം ലഭിക്കുന്നില്ലെന്ന് പരാതി. ജോലിക്കാരനായ ഷിബുവിന്റെ കൈ വിരലുകൾ യന്ത്രത്തിൽ കുടുങ്ങി അറ്റുപോയി. കമ്പനി ഉടമയിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം.

കോന്നി അട്ടച്ചാക്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പുനരുപയോഗ യൂണിറ്റിലെ ജോലിക്കാരനായ ഷിബുവിനാണ് ജോലിക്കിടെ അപകടം സംഭവിക്കുന്നത്. കഴിഞ്ഞ ജൂലൈ 12 ന് പ്ലാസ്റ്റിക് കുപ്പികൾ അരയ്ക്കുന്ന മിഷനിൽ ഷിബുവിന്റെ കൈ കുടുങ്ങി. അപകടത്തിൽ കയ്യിലെ രണ്ട് വിരലുകൾ അറ്റു. ആദ്യം കോന്നിയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ഷിബുവിനെ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചതിന് പുറമെ അയ്യായിരം രൂപ നൽകിയത് അല്ലാതെ മറ്റൊരു സഹായവും കമ്പനി ഉടമയിൽ നിന്ന് ലഭിച്ചില്ലെന്ന് ഷിബു പരാതി പറയുന്നു.

ഷിബുവിന്റെ അപകട വിവരം കമ്പനി ഉടമ ആരോയിച്ചില്ലെന്ന് അമ്മയും ആരോപിക്കുന്നു. മകന്റെ പരിചരണത്തിനായി നിൽക്കേണ്ടി വരുന്നതിനാൽ അമ്മക്ക് ജോലിക്ക് പോകാനും സാധിക്കുന്നില്ല. 

അപകടം സംഭവിച്ച ശേഷം ആശുപത്രിയിൽ എത്തിച്ചുവെന്നാണ് കമ്പനി ഉടമയുടെ വിശദീകരണം. ന്യായമായ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാനാണ് ഷിബുവിന്റെ തീരുമാനം.

ENGLISH SUMMARY:

Malayala Manorama Online News reports on a worker's accident at a plastic recycling plant in Konni, Pathanamthitta, where a young man lost fingers due to a machine malfunction. He alleges a lack of support from the company owner and plans to pursue legal action for compensation.