ജില്ലാ അതിർത്തി മാറിയതിനാൽ സർക്കാർ സഹായം ലഭ്യമാകുന്നില്ലെന്ന പരാതിയുമായി തിരുവല്ല മുണ്ടകപാടത്തെ കുടുംബങ്ങൾ. പത്തനംതിട്ട ജില്ലയിലെ പെരിങ്ങര പഞ്ചായത്ത് ഒന്നാം വാർഡിലാണ് ഇവരുടെ വോട്ട് അവകാശമെങ്കിലും വീട് ഉൾപ്പെടുന്ന സ്ഥലം കോട്ടയം ജില്ലയിലാണ്. അതിർത്തി പ്രശ്നം കാരണം ഇടിഞ്ഞുവീഴാറായ വീട് പുതുക്കാനുള്ള സഹായം പോലും ലഭിക്കുന്നില്ല.

ആഞ്ഞൊരു കാറ്റ് വീശിയാൽ കമലമ്മക്ക് വീട് ഇടിഞ്ഞുവീഴുമോ എന്ന പേടിയാണ്. തകർന്ന വീട് നേരെയാക്കാൻ ഇവർക്ക് സർക്കാർ സഹായവും ലഭിക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ പെരിങ്ങര ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡിൽ മുണ്ടകം - വടവടി പാട ശേഖരത്തിന് നടുവിലായിയുള്ള ആറ് കുടുംബങ്ങൾക്ക് ദുരിത ജീവിതമാണ്. എല്ലാ വർഷവും വീട്ടിൽ വെള്ളം കയറും, വർഷത്തിൽ ആറു മാസത്തോളം വെള്ളത്തിലാണ് താമസം. ഇവരുടെ വോട്ട് അവകാശവും മേൽവിലാസവും പത്തനംതിട്ട ജില്ലയിലാണെങ്കിലും വീട് ഉൾപ്പെടുന്ന സ്ഥലം കോട്ടയം ജില്ലയിലാണ്. നേരത്തെയുണ്ടായിരുന്ന പല കുടുംബങ്ങളും എല്ലാം ഉപേക്ഷിച്ചു ഇവിടുന്ന് പോയി. 

വർഷങ്ങളായി കമലമ്മയ്ക്കു കരം അടക്കാനും കഴിയുന്നില്ല. വീട്ടിലേക്കുള്ള വഴിയിൽ ഒരു പാലം നിർമിച്ചു നൽകാനുള്ള ആവശ്യത്തെയും അധികൃതകർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്. ഇവരുടെ സ്ഥലം പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുത്താനുള്ള നടപടി പുരോഗമിക്കുന്നതായാണ് പ്രാദേശിക ഭരണകൂടത്തിന്‍റെ വിശദീകരണം.

ENGLISH SUMMARY:

Malayala Manorama Online News reports on families in Thiruvalla facing hardship due to a border dispute. Their homes are in Kottayam district while their voting rights are in Pathanamthitta, preventing them from receiving crucial government aid for house repairs.