ഡിജിറ്റൽ രീതിയില്‍ സന്ദേശങ്ങള്‍ കൈമാറുന്ന പുതിയ തലമുറയ്ക്ക് അഞ്ചലോട്ടക്കാരന്‍ കൗതുകമായി. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലെ പൊങ്ങലയിൽ വിജയനാണ് മണിവടിയുമായി ഓടി ഓണാഘോഷത്തെക്കുറിച്ച് നാട്ടുകാരെ അറിയിച്ചത്.
ട്രാവന്‍കൂര്‍ അഞ്ചല്‍ എന്ന പേരും ചിഹ്നവും പതിച്ച കാക്കി ഷര്‍ട്ടും കാക്കി പാന്‍റ്സും തലപ്പാവും ധരിച്ച്, മണി കെട്ടിയ കുന്തവും മറ്റൊരു കൈയില്‍ റാന്തല്‍വിളക്കും സഞ്ചിയുമായി അഞ്ചലോട്ടക്കാരനെത്തി.
ഈ ഓണക്കാലത്ത് അഞ്ചലോട്ടക്കാരനെ പരിചയപ്പെടുത്തുകയാണ് പൂഞ്ഞാർ തെക്കേക്കര കുന്നോന്നിയിലെ യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. ക്ലബ്ബിന്‍റെ ഓണാഘോഷ പരിപാടികള്‍ നാട്ടുകാരെ അറിയിക്കാനാണ് അഞ്ചലോട്ടക്കാരന്‍ ഇറങ്ങിയത്. തപാല്‍ ജീവനക്കാരനായിരുന്ന പൊങ്ങലയിൽ വിജയനാണ് അഞ്ചലോട്ടം പുനരാവിഷ്കരിച്ചത്.
കുന്നോന്നി ടൗൺ, കടലാടിമറ്റം, ആലുംന്തറ തുടങ്ങിയ പ്രദേശങ്ങളിലൂടെ വിജയൻ അഞ്ചലോട്ടക്കാരന്‍റെ വേഷത്തിൽ മണിയൊച്ചയുമായി ഓടിയെത്തി സന്ദേശം ജനങ്ങളെ അറിയിച്ചു. പഴയകാലത്ത് കത്തുകളും ഔദ്യോഗിക സന്ദേശങ്ങളും അഞ്ചലോട്ടക്കാരിലൂടെ കൈമാറിയിരുന്ന രീതി പുതുതലമുറയ്ക്ക് കൗതുകമായി.