ഓണമെന്നാൽ പ്രതീക്ഷയാണ്. ഓർത്തിരിക്കാനുള്ള അനുഭവങ്ങളാണ്. പ്രിയപ്പെട്ടവരുടെ വരവ് കരുതി നാക്കിലയിൽ വിളമ്പാനുള്ള വിഭവങ്ങൾ ഒരുക്കിയുള്ള കാത്തിരിപ്പ്. ഓർമയുടെ ശീലുയർത്തി ബിന്ദു രവി കലാനിലയം എ.ഐ സഹായത്തോടെ ദൃശ്യവിഷ്കാരം നൽകിയ പാട്ട് ഓണക്കാലത്തെ ഓമല്‍പ്പാട്ടാവുകയാണ്.
പ്രിയമുള്ളൊരാൾ വരും, അതും ഓണക്കാലത്ത്... വരുമ്പോൾ എന്തൊക്കെ കരുതണം. ഇടവഴികളിലും തൊടികളിലും തേടിത്തിരിഞ്ഞ് അവന് വേണ്ടതെല്ലാം ഒരുക്കിവച്ച് കാത്തിരുന്നു. അവൻ വന്നുവോ? വന്നില്ല! മലയാളിക്ക് പരിചിതമായ വാക്കുകളും പ്രയോഗങ്ങളുമാണ് പാട്ടിലുടനീളം. വരികളും, സംഗീതവും, പിന്നണിയും. എന്തിനേറെപ്പറയുന്നു. എ.ഐ സാങ്കേതിക വിദ്യയിലൂടെയുള്ള ദൃശ്യാവിഷ്‌കാര വഴിയിലൂടെ സഞ്ചരിച്ചതും ഒരാളുടെ മനസ് .
ഒരു കവിതയായി എഴുതി, അത് പിന്നീട് പാട്ടായി മാറുകയായിരുന്നു. ചെലവും സമയവും ചുരുക്കുന്നതിന്‍റെ ഭാഗമായാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പാട്ട് ദൃശ്യവല്‍ക്കരിച്ചതെന്ന് പറയുന്നു ബിന്ദു രവി. ധ്യാന്‍ ശ്രീനിവാസനും, നടി ചിപ്പിയും ഉൾപ്പെടെയുള്ളവര്‍ പാട്ട് കേട്ട് ഇഷ്ടം പറഞ്ഞിട്ടുണ്ട്. ഓണമല്ലേ, ഓർത്തിരിക്കാൻ ഇനിയുമീണമാവേണ്ടേ... ഇനിയും വരാൻ വഴിതെളിയുമൊരു കാലം വന്നെങ്കിലോ... പ്രതീക്ഷയോടെയുള്ള പാട്ടിന്‍റെ വായ്ത്താരി തുടരും.