ഡ്രൈവർ ജോലി വിട്ട് വാഴയില കൃഷി തുടങ്ങിയ കർഷകൻ ഓണക്കാലത്ത് ഹാപ്പിയാണ്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി സുരേഷാണ് കുടുംബ സമേതം വാഴയില കൃഷി തുടങ്ങിയത്. പാട്ടത്തിന് എടുത്ത സ്‌ഥലത്താണ് കൃഷി. അഞ്ചേക്കറോളം സ്ഥലത്താണ് ഇലയ്ക്കുള്ള വാഴകളുടെ കൃഷി. എല്ലാം ഞാലിപ്പൂവൻ വാഴകൾ. കാറ്ററിംഗ് സംഘങ്ങൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി വിവിധ ഇടങ്ങളിൽ വാഴയിലകൾ നൽകുന്നുണ്ട്. അഞ്ച് രൂപയാണ് ഒരു ഇലയുടെ വില
ജില്ലയിൽ പലസ്ഥലങ്ങളിൽ നിന്നായി ഓർഡർ ലഭിക്കുന്നുണ്ട്. അതിനു പുറമെ സമീപ ജില്ലകളിൽ നിന്നു പോലും നാടൻ ഇല തേടി ആവശ്യക്കാർ കലഞ്ഞൂരിലെത്തുന്നു. വാഴത്തോട്ടത്തിൻ്റെ പരിപാലനം, ഇല വെട്ടിയെടുക്കൽ, കെട്ടുകളാക്കൽ അങ്ങിനെ എല്ലാത്തിനും കുടുംബം ഒന്നിച്ചാണ്
ഡ്രൈവിങ് ജോലിക്കാലത്തെ സമ്മർദ്ദം ഒന്നുമില്ലെന്നും ആഹ്ലാദകരമാണ് വാഴക്കൃഷി എന്നും സുരേഷ് പറയുന്നു. വാഴയിലക്കാലം കഴിയുമ്പോൾ കിട്ടുന്ന കുലകൾ ബോണസ് ആണ്. അപ്പോഴേക്കും തൈ വാഴകളിൽ നിന്ന് ഇലകൾ ലഭിച്ചു തുടങ്ങും.