TAGS

ഓണമടുത്തതോടെ നേന്ത്രക്കായയുടേയും പഴത്തിന്‍റെയും വില കുതിക്കുകയാണ്. തമിഴ്‍നാട്ടിലെ കൃഷിയിടങ്ങളിൽ വീശിയടിച്ച കാറ്റിൽ വാഴകൾ നശിച്ചതാണ് വിലവർധനയ്ക്ക് കാരണം. ആവശ്യത്തിന് കുലയില്ലാത്തതും പ്രതിസന്ധി ആകുന്നെന്ന് തമിഴ്‍നാട്ടിലെ വ്യാപാരികൾ പറഞ്ഞു. ഇതോടെ ഇത്തവണ ശര്‍ക്കരവരട്ടിയും ഉപ്പേരിയുമൊക്കെ പൊള്ളിക്കുമെന്ന് ഉറപ്പായി.

ഓണവിപണി പ്രതീക്ഷിച്ച് വാഴ നട്ട തമിഴ്‍നാട്ടിലെ കർഷകരെയാണ് കാറ്റ് ചതിച്ചത്. മൊത്തക്കച്ചവടം നടക്കുന്ന വിപണിയിലേക്കും വാഴക്കുലയുടെ ലഭ്യത കുറഞ്ഞെന്ന് വ്യാപാരികൾ. സദ്യയിലെ പ്രധാനിയായ ഞാലിപ്പൂവൻ പഴത്തിന് നാഗർകോവിലിലെ മൊത്തവിപണന കേന്ദ്രത്തിൽ 80 രൂപയാണ് വില. കഴിഞ്ഞതവണ 40 ആയിരുന്നു. കേരളത്തിലെ വിപണി വില 110 കടന്നു. കഴിഞ്ഞ ഓണം സീസണിൽ നാഗർകോവിലിൽ 40 രൂപയായിരുന്ന ഏത്തപ്പഴത്തിന് 15 രൂപ കൂടി 65 ആയി. കിലോ ഒന്നിന് 80 ആയാണ് ഏത്തവിലയുടെ കേരളത്തിലെ പ്രതിഫലനം. പാളയന്‍കോടനും റോബസ്റ്റയ്ക്കുമൊക്കെ 40 ശതമാനത്തിലേറെ വില വര്‍ധിച്ചിട്ടുണ്ട്. അതിര്‍ത്തി കടന്ന് വരുമ്പോഴേക്കും ഓണനാളുകളില്‍ പഴത്തിന് ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ എത്ര വില കൂടിയിട്ടും നഷ്ടത്തിലാണ് വാഴ നശിച്ച കര്‍ഷകര്‍.

ENGLISH SUMMARY:

Banana prices are soaring as Onam approaches, significantly impacting the cost of traditional Sadhya items. This price surge is primarily due to crop damage caused by strong winds in Tamil Nadu's banana plantations, leading to reduced availability.