പ്രളയത്തിന് പിന്നാലെ പമ്പയിലെ പാലങ്ങളുടെ അടിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെന്ന് പരാതി. പടിഞ്ഞാറന്‍ ഭാഗത്തുനിന്നുള്ള പള്ളിയോടങ്ങള്‍ക്ക് ആറന്‍മുളയിലേക്കു വരാന്‍ കഴിയാത്ത സാഹചര്യമാണ്.

കോഴഞ്ചേരിക്ക് പടിഞ്ഞാറോട്ട് പമ്പയാറ്റിലെ പാലങ്ങളുടെ അടിയില്‍ പ്രളയത്തിന് പിന്നാലെ  മുളങ്കൂട്ടവും തടികളും അടിഞ്ഞുകിടക്കുകയാണ്. വെള്ളമിറങ്ങിയിട്ടും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടിയില്ലാതെ വന്നതോടെ പള്ളിയോട സേവാസംഘത്തിലെ പ്രതിനിധികളാണ് കുറേയേറെ മാലിന്യം നീക്കിയത്. ഇപ്പോഴും ആറാട്ടുപുഴ, പുത്തന്‍കാവ് പാലങ്ങളുടെ അടിഭാഗം വൃത്തിയാക്കിയിട്ടില്ല. ചെന്നിത്തലയില്‍ നിന്നടക്കം  പള്ളിയോടങ്ങള്‍ക്ക് ആറന്‍മുളയിലേക്ക് കടന്നു വരാന്‍ കഴിയുന്നില്ലെന്ന് പള്ളിയോടം ഭാരവാഹി കൃഷ്ണകുമാര്‍ പറയുന്നു. 

തിരുവോണ ദിവസം കാട്ടൂരില്‍ നിന്ന് തിരുവോണത്തോണി എത്തുമ്പോള്‍ എല്ലാ പള്ളിയോടങ്ങളും അകമ്പടി പോകേണ്ടതാണ്. ഇനി ആറു ദിവസം മാത്രമാണ് ശേഷിക്കുന്നത്. മുപ്പതാം തീയതിയാണ് ആറന്‍മുള ഉതൃട്ടാതി ജലമേള. അതിന് മുന്‍പ് ഇവയെല്ലാം നീക്കം ചെയ്തെങ്കിലേ പള്ളിയോടങ്ങള്‍ക്ക് കടന്നു വരാന്‍ കഴിയൂ. മണല്‍പ്പുറ്റുകള്‍ നീക്കാത്തതും പള്ളിയോടങ്ങള്‍ക്ക് പ്രതിസന്ധിയാണ്. 

ENGLISH SUMMARY:

Pamba river cleaning efforts are facing significant challenges following the Kerala floods, with debris still accumulating under bridges. The ongoing issue of flood debris removal is hindering the passage of Palliyodams towards Aranmula, impacting the upcoming boat race.