ശബരിമലയിൽ കേടായ അരവണ നശിപ്പിക്കാൻ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ കൊടുത്തിട്ടും ദേവസ്വം ബോർഡ് കൂടിയ തുകയ്ക്ക് ആണ് കരാർ കൊടുത്തതെന്ന പരാതിയുമായി പന്തളം സ്വദേശിയായ കർഷകൻ. 6.65 ലക്ഷം ടിൻ അരവണ നശിപ്പിക്കാൻ 60 ലക്ഷം പറഞ്ഞിട്ടും 1.15 കോടിക്കാണ് കരാർ കൊടുത്തത് എന്നാണ് പരാതി. വലിയ അഴിമതിയാണെന്നും ഇതും അന്വേഷണങ്ങളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകും.
ഏലയ്ക്കയിലെ കീടനാശിനിയുടെ അളവ് കൂടിയെന്ന ആക്ഷേപത്തിലാണ് 2023 ൽ 6.65 ലക്ഷം ടിൻ അരവണയുടെ വില്പന തടഞ്ഞത്. കീടനാശിനി അപകടകരമല്ലെന്ന തീരുമാനം എത്തിയപ്പോഴേക്കും അരവണ കാലഹരണപ്പെട്ടു. ഇത് നശിപ്പിക്കാതെ വഴിയില്ലെന്നായി. പന്തളം സ്വദേശിയായ കിരൺ എന്ന കണ്ണനും പങ്കാളിയും 90 ലക്ഷം രൂപയുടെ ക്വട്ടേഷൻ കൊടുത്തു. തീയതി കഴിഞ്ഞ അരവണ മീൻ തീറ്റയും നെല്ലിനുള്ള വളവും ആക്കുമെന്നായിരുന്നു ക്വട്ടേഷൻ. തുക പിന്നീട് 75 ലക്ഷവും 60 ലക്ഷവും ആക്കി കുറച്ചിട്ടും കരാർ കിട്ടിയില്ല എന്നാണ് കണ്ണൻ പറയുന്നത്. അന്നത്തെ കൃഷിമന്ത്രി പി പ്രസാദിനെ കൂട്ടിയാണ് ദേവസ്വം ബോർഡ് ഭാരവാഹികളെ കണ്ടതെന്നാണ് കണ്ണന്‍റെ അവകാശവാദം
കുറഞ്ഞ ക്വട്ടേഷൻ ഉണ്ടായിരിക്കെ ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനീയറിങ് സൊല്യൂഷൻസിന് 1.15 കരാർ നൽകി എന്നാണ് വിമർശനം. അരവണ ടിന്നിൽ അയ്യപ്പന്‍റെ ചിത്രം ഉള്ളതിനാൽ വികാരം വ്രണപ്പെടുത്താതെ സംസ്കരിക്കണം എന്നായിരുന്നു ദേവസ്വം ബോർഡിന്‍റെ ആവശ്യം. മീനിനുള്ള തീറ്റ ഹൈന്ദവ ആചാരപ്രകാരം തെറ്റല്ല എന്നാണ് കണ്ണന്‍റെ വിശദീകരണം . സ്വർണ്ണക്കൊള്ള അടക്കം അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന കൂട്ടത്തിൽ ഇതും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അടുത്തദിവസം പരാതി നൽകും.