ഏറ്റവും മികച്ച കൃഷി ഭവനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ച തിരുവല്ല കുറ്റൂരിൽ പ്രളയത്തിലുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. ഓണ വിപണി ലക്ഷ്യമിട്ടുള്ള ഏത്ത വാഴ, പച്ചക്കറി കൃഷികളാണ് നശിച്ചത്. കുറ്റൂർ കൃഷി ഭവൻ പരിധിയിൽ മാത്രം 324 കർഷകരുടെ കൃഷിയാണ് നശിച്ചത്.
ഓണ വിപണി ലക്ഷ്യമിട്ട് കുറ്റൂർ കൃഷി ഭവൻ പരിധിയിൽ മാത്രം ഹെക്ടർ കണക്കിന് ഭൂമിയിലാണ് കൃഷി ചെയ്തത്. മണിമലയാറിന്‍റെ തീരത്ത് കുറ്റൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ കർഷകയായ സ്വപ്നയും ഭർത്താവും പാട്ടഭൂമിയിൽ ആരംഭിച്ച കൃഷി മുഴുവൻ പ്രളയത്തിൽ നശിച്ചു. സ്വർണമാല പണയം വച്ച് ഏത്ത വാഴ കൃഷി ആരംഭിച്ചതാണ്. ഒറ്റ രാത്രി കൊണ്ട് മാസങ്ങളുടെ കഷ്ടപ്പാടും, പ്രതീക്ഷയുമെല്ലാം വെള്ളമെടുത്തു. എല്ലാ വർഷവും വെള്ളം കയറുന്നത് പതിവായതോടെ 10 മാസം നീണ്ട കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ.
ഏത്ത വാഴകൾക്കുള്ള രണ്ടാംഘട്ട വളം വാങ്ങിവച്ചതിന്‍റെ അടുത്ത ദിവസമാണ് സ്വപ്നയുടെ കൃഷിയിടത്തിൽ വെള്ളം കയറുന്നത്. കൃഷിക്ക് ഒപ്പം വളവും വെള്ളം കയറി നശിച്ചു. ആയിര കണക്കിന് ഏത്ത വാഴകൾക്ക് ഒപ്പം ഇവരുടെ ചേന ഉൾപ്പെടെ മറ്റ് കൃഷിയും പൂർണമായി നശിച്ചു. വീടിനുള്ളിലേക്ക് വെള്ളം കയറിയതോടെ കൂൺ കൃഷിയും നശിച്ചു. പച്ചക്കറി, വാഴ, കരിമ്പ്, ഇഞ്ചി തുടങ്ങിയവ കൃഷി ചെയ്ത കർഷകർക്ക് കനത്ത നഷ്ടമാണ് ഇത്തവണയുണ്ടായിരിക്കുന്നത്.
വെള്ളപ്പൊക്കത്തിൽ പറമ്പിൽ അടിഞ്ഞ ചെളി കാരണം വളർത്തു മൃഗങ്ങളായ പശുക്കൾക്കും പുല്ല് നൽകാനില്ല. പ്രളയ ശേഷമുള്ള സർക്കാർ സഹായത്തിലാണ് ഇനി കർഷകരുടെ പ്രതീക്ഷ.