കിഴക്കൻ മേഖലയിലെ മിന്നൽ പ്രളയ ഭീതി തൽക്കാലം ഒഴിഞ്ഞെങ്കിലും പത്തനംതിട്ട ജില്ല അതീവജാഗ്രതയില്‍. ശബരിമല വനമേഖലയിൽ അടക്കം പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ രാത്രി കനത്ത മഴ പെയ്തു. മൂഴിയാർ അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തി. ആശങ്ക വേണ്ടെന്നും കൊല്ലത്തുനിന്ന് കൂടുതൽ ബോട്ടുകൾ അടക്കം ക്രമീകരണങ്ങൾ ഉണ്ടെന്നും റാന്നി എംഎൽഎ പഴകുളം മധു പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല വനമേഖലയിൽ അടക്കം ജില്ലയിൽ എല്ലായിടത്തും കനത്ത മഴ പെയ്തു. പമ്പ ത്രിവേണിയിൽ പാലം തൊട്ട് വെള്ളം കുതിച്ചൊഴുകി. കക്കാട്ടാറും അച്ചൻകോവിലാറും നിറഞ്ഞൊഴുകി. താഴ്ന്ന ചിലയിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നുണ്ട്. റാന്നിയിലെ കടകളുടെ ശുചീകരണത്തിന്‍റെ ആദ്യഘട്ടം പൂർത്തിയായി.
മൂഴിയാർ അണകെട്ടിന്‍റെ ഷട്ടർ 15 സെന്‍റീമീറ്റർ ഉയർത്തി. കക്കി, പമ്പ അണക്കെട്ടുകളിൽ വെള്ളം കുറവാണ്. അടുത്തെങ്ങും തുറക്കേണ്ട സാഹചര്യമില്ല. ശബരിമല പാതയിൽ അട്ടത്തോട്ടിൽ പാറക്കെട്ടുകൾ അടക്കം അടർന്നുവീണത് നീക്കം ചെയ്തു. മരച്ചില്ലകൾ ഒടിഞ്ഞുവീണ് സന്നിധാനത്തെക്കുള്ള സ്വാമി അയ്യപ്പൻ റോഡിൽ വൈദ്യുതി ലൈനുകൾ പൊട്ടിയിട്ടുണ്ട്.
നദികൾ കരകവിഞ്ഞതോടെ അപ്പർ കുട്ടനാട് മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രാത്രി രണ്ട് മണിക്ക് ശേഷം തിരുവല്ല നഗരത്തിന്‍റെ പല ഭാഗങ്ങളിലും അപ്പർ കുട്ടനാട് മേഖലയിലും അപ്രതീക്ഷിതമായാണ് വെള്ളം ഇരച്ചു കയറിയത്.
ആലപ്പുഴ – ചങ്ങനാശേരി റോഡിലും വെള്ളം കയറി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം കയറില്ലെന്ന ഉറപ്പോടെ കഴിഞ്ഞ സർക്കാർ 1000 കോടി മുടക്കിയാണ് എസി റോഡ് പുനർ നിർമിച്ചത്. എസി റോഡിൽ മനക്കചിറ കിടങ്ങറ ഭാഗത്താണ് വെള്ളം കയറിയത്. എംസി റോഡിൽ തിരുവല്ല തിരുമൂലപുരം ഭാഗത്ത് ഇന്നലെ ആരംഭിച്ച വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല. വലിയ വാഹങ്ങൾ മാത്രമാണ് ഈ വഴി കടന്നു പോകുന്നത്. തിരുവല്ല – മാവേലിക്കര റൂട്ടിലും അമ്പലപ്പുഴ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.