ഓഗസ്റ്റ് ഒന്ന് മുതല്‍ മൂന്നു വരെ വിവിധ ജില്ലകളില്‍ പെയ്തത് പ്രതീക്ഷിച്ചതിനേക്കാള്‍ അധിക മഴ. പത്തനംതിട്ടയിയില്‍ അഞ്ചിരട്ടി മഴ പെയ്തതെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ കണക്ക്. 40 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിടത്ത് 253.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണയെക്കാള്‍ 533 ശതമാനം അധികമഴയാണ് ലഭിച്ചത്. കേരളത്തിലെ ഏകദേശം എല്ലാ ജില്ലകളിലും പ്രതീക്ഷിച്ചതിലും അധികം മഴ ലഭിച്ചു. ഇതില്‍ പത്തനംതിട്ടയാണ് മുന്നില്‍.
കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ 302 ശതമാനമാണ് മഴ പെയ്തത്. കോഴിക്കോട് 49.8 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിടത്ത് 257 മില്ലിമീറ്റര്‍ മഴ പെയ്തു. 326 ശതമാനം അധികം. മലപ്പുറം 50 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചത്. ഇവിടെ പെയ്തത് 205 മില്ലിമീറ്റര്‍. 310 ശതമാനം അധിക മഴയാണ് മൂന്നു ദിവസത്തിനിടെ മലപ്പുറത്ത് പെയ്തത്. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 207 ശതമാനമാണ് മഴ പെയ്തത്. എറണാകുളത്ത് 223 ശതമാനവും.
തിരുവനന്തപുരത്ത് 21.5 മില്ലിമീറ്റര്‍ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിച്ചത്. എന്നാല്‍ 119.7 ശതമാനം മഴ പെയ്തു. കാസര്‍കോടും വയനാടും മാത്രമാണ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ അളവില്‍ പെയ്യാതിരുന്നത്. കാസര്‍കോട് 85 മില്ലിമീറ്റര്‍ പ്രതീക്ഷിച്ചിടത്ത് 128.9 മില്ലീമിറ്ററാണ് പെയ്തത്. വയനാട് 85.4 മില്ലിമീറ്റര്‍ പ്രതീക്ഷിച്ചിടത്ത് 167.6 മില്ലീമിറ്റര്‍ മഴ പെയ്തു.
പത്തനംതിട്ടയില്‍ മഴകെടുതി തുടരുകയാണ്. പന്തളം. ചേരിക്കല്‍ സ്വദേശി ലെനിനെ വെള്ളക്കെട്ടില്‍ കാണാതായി. പുഞ്ചയില്‍ നീന്തുന്നതിനിടെയാണ് അപകടം. പത്തനംതിട്ട കോയിപ്രം പഞ്ചായത്ത് 4ാം വാർഡിൽ വള്ളിക്കാലക്ക് സമീപം മഴയിൽ വീട് തകർന്നു. വല്യഴുത്തിൽ ശോഭയുടെ വീട് ആണ് തകർന്നത്. ഒറ്റക്ക് താമസിക്കുന്ന ശോഭ നിലവിൽ ബന്ധു വീട്ടിലേക്ക് മാറി. കനത്ത മഴ തുടരുന്ന ആറന്മുളയില്‍ വള്ളസദ്യ ഒഴിവാക്കി. നാളെയും മറ്റന്നാളുമാണ് നടത്താനിരുന്ന വള്ളസദ്യകളാണ് മാറ്റിവച്ചത്. ബുക്ക് ചെയ്തവര്‍ക്കായി പിന്നീട് നടത്തും.