പത്തനംതിട്ട കോന്നിയിലെ വ്യാജ പോക്സോ പരാതിയില്‍ പൊലീസ് മര്‍ദനമേറ്റ യുവാവിന്‍റെ കുടുംബം പ്രതിഷേധത്തില്‍. മര്‍ദനത്തിന് ഉത്തരവാദിയായ കോന്നി സിഐക്കെതിരെ നടപടി ഇല്ലാത്തതിലാണ് പ്രതിഷേധം. ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് മര്‍ദനമേറ്റ ഹൃദ്രോഗിയായ 20വയസുകാരനും കുടുംബവും പറയുന്നു.
പത്തനംതിട്ട കോന്നിയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ പതിമൂന്നു വയസുകാരിയാണ് വ്യാജ പീഡന പരാതി നല്‍കിയത്. ഇതിന്‍റെ വാസ്തവം അറിയുന്നതിന് മുന്‍പാണ് പൊലീസ് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് മാസങ്ങള്‍ മാത്രമായ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചത്. കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ട് അടിക്കുകയും കാലില്‍ ബൂട്ടിട്ട് ചവിട്ടി ഞെരിക്കുകയും ചെയ്തു. ചെവിയില്‍ പിടിച്ച് വട്ടം കറക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു.
പരാതിക്കാരിയുടെ വൈദ്യ പരിശോധനയില്‍ പീഡനം നടന്നിട്ടില്ല എന്ന് വ്യക്തമായതോടെ ആണ് യുവാവിനെ വിട്ടയച്ചത്. എസ്.ഐ.യെ സ്ഥലം മാറ്റിയത് മാത്രമാണ് ഏക നടപടി വന്നത്. കൂടല്‍ സിഐ അവധി ആയതിനാല്‍ കോന്നി സിഐയ്ക്ക് ആയിരുന്നു ചുമതല. സിഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണ റിപ്പോര്‍ട്ട് അടക്കം കൈമാറിയിട്ട് ഒരാഴ്ച കഴിഞ്ഞു. ഇനിയും നടപടി ആയിട്ടില്ല.
വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമെന്നാണ് യുവാവിന്‍റെ അമ്മ പറയുന്നത്. പള്ളിയില്‍ പോകാന്‍ പോലും കഴിയുന്നില്ല. എല്ലാവരും തങ്ങളെ കുറ്റക്കാരെപ്പോലെ കാണുന്നുവെന്നും മര്‍ദനമേറ്റ യുവാവിന്‍റെ അമ്മ പറഞ്ഞു.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസുകാരി വ്യാജ പരാതി നല്‍കിയത്. പിണങ്ങിപ്പോയ കാമുകന്‍, കൂട്ടുകാര്‍, കൂട്ടുകാരിയായ പെണ്‍കുട്ടി എന്നിവര്‍ക്കെതിരെ ആയിരുന്നു പ്രധാന പരാതി. സഹോദരിയുടെ കൂടെ പഠിച്ച 20വയസുകാരന്‍റെ പേരും പെണ്‍കുട്ടി പറയുകയായിരുന്നു. ഇതിലാണ് ഒരു പ്രാഥമിക പരിശോധനയും നടത്താതെ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചത്.