പത്തനംതിട്ട അരുവാപ്പുലത്ത് ഗുരു നിത്യ ചൈതന്യ യതി സ്മാരകത്തിലേക്കുള്ള റോഡുകള്‍ തകര്‍ന്നിട്ട് മാസങ്ങളായി. നടന്നുപോലും പോകാന്‍ കഴിയാത്ത ദുരിതമെന്ന് നാട്ടുകാര്‍ പറയുന്നു.
അരുവാപ്പുലം പഞ്ചായത്തിലെ 8,9വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ മ്ലാന്തടം മുറ്റാക്കുഴി ഗുരു നിത്യചൈതന്യയതി റോഡിന്‍റെ ശോചനീയാവസ്ഥ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പൂര്‍ണമായും റോഡ് തകര്‍ന്നു. ഗുരു നിത്യചൈതന്യ യതി സ്മാരകത്തിലേക്കുള്ള പ്രധാന വഴിയാണ്.ദിവസവും ഒട്ടേറെ സ്കൂള്‍ ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും കടന്നു പോകുന്ന വഴിയാണ്.കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.ഓട്ടോറിക്ഷകള്‍ ഈ വഴിയിലൂടെ പോയാല്‍ പണി ഉറപ്പാണ്
രോഗികളുമായി ആശുപത്രിയില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതി എന്നാണ് നാട്ടുകാര്‍ പറയുന്നത്.റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.എട്ട് വര്‍ഷം മുന്‍പാണ് അവസാന അറ്റകുറ്റപ്പണി നടന്നത്.ഇത്ര വലിയ തകര്‍ച്ചയ്ക്ക് കാരണം നിര്‍മാണത്തിലെ അപാകതയെന്നും നാട്ടുകാര്‍ പറയുന്നു.ജനപ്രതിനിധികള്‍ നേരത്തേ നല്‍കിയ റോഡ് വാഗ്ദാനം പാലിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.