എട്ടുവർഷം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ തിരുവല്ല പെരുമ്പെട്ടി പൊന്തൻപുഴക്കാരുടെ ഭൂമിക്ക് പട്ടയം നൽകാൻ സർക്കാർ. പൊന്തൻപുഴ വലിയകാവ് വനാതിർത്തിക്ക് പുറത്തുള്ള 649 കുടുംബങ്ങൾക്ക് പട്ടയം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കിടപ്പാടത്തിനു വേണ്ടി സമരം ചെയ്ത നൂറുകണക്കിന് വയോധികരുടെയും അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വിജയമാണിതെന്ന് സമരസമിതി പറഞ്ഞു.
വനഭൂമി ആണെന്നുള്ള തെറ്റിദ്ധാരണയിലാണ് സർക്കാർ 649 കുടുംബങ്ങളുടെ ഭൂമിക്ക് പട്ടയം നിഷേധിച്ചിരുന്നത്. 2019ൽ നടന്ന വനം - റവന്യൂ വകുപ്പ് സംയുക്ത സർവേയിൽ ഈ തെറ്റ് വ്യക്തമായിരുന്നെങ്കിലും അത് അംഗീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. റവന്യൂ മന്ത്രി കെ.രാജൻ തെറ്റ് പറ്റിയെന്ന് നിയമസഭയിൽ തുറന്നു സമ്മതിച്ചു. തിരുത്തുമെന്ന് രണ്ടുവർഷം മുമ്പേ ഉറപ്പു നൽകിയിട്ടും ഉത്തരവിറങ്ങാൻ തിരഞ്ഞെടുപ്പ് കാലമെത്തേണ്ടിവന്നു. കിടപ്പാടത്തിനുവേണ്ടി ഊണും ഉറക്കവുമുളച്ച് നടത്തിയ സമരത്തിൻ്റെ ഫലമാണിതെന്ന് സമര സമിതി.
649 കൈവശാവകാശക്കാർക്ക് വരുമാനപരിധി നോക്കാതെ ഭൂമി പതിച്ചു നൽകാനാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ലാ കളക്ടറാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.