TAGS

തിരുവല്ല സ്വദേശിനി ഭിന്നശേഷിക്കാരിയായ 27കാരി ഹസീനയെ കാണാതായിട്ട് അഞ്ചുദിവസം. കരുനാഗപ്പള്ളിയിൽ ഭർത്താവിന്‍റെ വീട്ടിൽ നിന്ന് തിരുവല്ലയിലേക്ക് പോകുകയാണെന്ന് പറഞ്ഞു ഇറങ്ങിയ ഹസീനയെ അങ്കമാലിയിൽ വെച്ചാണ് അവസാനമായി കണ്ടത്. 

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് ഹസീന തിരുവല്ല ചുമത്രയിലെ വീട്ടിലേക്കെന്ന് പറഞ്ഞു പോകുന്നത്. രാത്രിയായിട്ടും തിരുവല്ലയിൽ എത്താത്തതോടെ അന്വേഷണം തുടങ്ങി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ അവസാനമായി കണ്ടവരുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മനസ്സിലാക്കിയ ചില യാത്രക്കാർ ഭക്ഷണം വാങ്ങി നൽകി കായംകുളത്തേക്ക് ടിക്കറ്റും എടുത്തു നൽകിയതാണ്. പിന്നീട് വിവരമില്ല.

ഭിന്നശേഷിക്കാരിയായ ഹസീനയ്ക്ക് എഴുതാനോ വായിക്കാനോ അറിയില്ല. മലയാളമല്ലാതെ മറ്റു ഭാഷകളും അറിയില്ല. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിച്ചില്ലെങ്കിൽ കൂടുതൽ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും. കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്. ഹസീനയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Missing person Hassina, a 27-year-old differently-abled woman from Thiruvalla, has been missing for five days. She was last seen in Angamaly, having left her husband's home in Karunagappally to travel to Thiruvalla.