പത്തനംതിട്ട തണ്ണിത്തോട്ടിൽ വനപാലകരെ ആക്രമിക്കാൻ ശ്രമിച്ച നായാട്ട് സംഘം പിടിയിലായി. നാലുപേരടങ്ങുന്ന സംഘത്തെ തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കഴിഞ്ഞദിവസം രാത്രിയാണ് വനപാലകർ പിടികൂടിയത്.
പതിവ് പരിശോധനയ്ക്കിടെയാണ് നായാട്ട് സംഘം വനപാലകരുടെ മുന്നിൽ പെട്ടത്. പിടിക്കപ്പെടും എന്ന് ആയപ്പോൾ ആക്രമിക്കാനും വെടിവെക്കാനും പ്രതികൾ ശ്രമിച്ചു. ഈ സംഘർഷത്തിനിടെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജിതേഷ് കുമാറിന്റെ കൈയ്ക്ക് പരുക്കേറ്റു.
തേക്കുംതോട് സ്വദേശികളായ പ്രവീൺ പ്രമോദ്, അനിൽ, സുരാജ്, സ്മിജു സണ്ണി എന്നിവരാണ് വനപാലകരുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഘം എത്തിയ ജീപ്പും പിടിച്ചെടുത്തു. വെട്ടുകത്തി അടക്കമുള്ള ആയുധങ്ങളും ജീപ്പിൽ നിന്ന് കണ്ടെടുത്തു. മുൻപും ഈ മേഖലയിൽ നായാട്ട് സംഘങ്ങൾ പിടിയിൽ ആയിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തുമെന്ന് വനപാലകർ പറഞ്ഞു