നെയ്യ് മുദ്ര ശരീരമെന്ന സങ്കൽപ്പമാകുമ്പോൾ ശബരിമല ദർശനം കഴിഞ്ഞാൽ സങ്കടങ്ങൾ അഗ്നിയിൽ എരിഞ്ഞ് തീരണമെന്നാണ് വിശ്വാസം. ഉരുകിത്തീരുന്ന നെയ്ത്തേങ്ങ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഉള്ളിലെ നോവുകൾ തീരുമെന്നും സങ്കൽപ്പം. സന്നിധാനത്തെ ആഴിയിലൊടുങ്ങാത്ത ആകുലതകൾ ഒട്ടുമില്ലെന്ന് സ്വാമിമാരുടെ ശരണമന്ത്രം.
ഉരുകി, ഉരുകി ചാരമായി മാറുന്ന നെയ്ത്തേങ്ങ. മനസും ശരീരവും ഒന്നാക്കി നെയ്യ് നിറച്ച് മുദ്രയാക്കുമ്പോൾ ദേഹമെന്ന സങ്കൽപ്പം. ശബരീശ ദർശനം കഴിഞ്ഞ് അഭിഷേകത്തിനുള്ള നെയ്യ് പകുത്തെടുത്ത് ബാക്കിയാവുന്ന തേങ്ങയുടെ ഭാഗം ആഴിയിലേക്ക് ഉരുകിത്തീരണം. എറിയുന്നത് വെറുമൊരു നാളികേരപ്പൂളല്ല. അകംപുറം നിറഞ്ഞ മനസാണ്. ആകുലതകൾ ഏറെയുള്ള ശരീരമാണ്.
ശബരിമല നട തുറക്കുന്ന നേരം തുടങ്ങി എരിഞ്ഞ് തുടങ്ങുന്ന ആഴി പ്രകൃതിയെ ശുദ്ധമാക്കുന്നുവെന്നും സങ്കൽപ്പം. മരം കോച്ചുന്ന തണുപ്പും മഞ്ഞും കൈ അകലം പാലിക്കുവാൻ ഇതിന് തീവ്രതയുണ്ടെന്നും ചുരുക്കം. സ്വാമിമാരുടെ മലയാത്രയ്ക്ക് പിന്നിൽ ആഴിയും, ഊഴിയും ആപൽ ബാന്ധവരാണെന്ന സങ്കൽപ്പം അർഥവത്താകും.