മകരവിളക്ക് ദിനം അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്രയ്ക്ക് ഈ വര്‍ഷം മുതല്‍ പുതിയ നായകന്‍. പന്തളം മരുതവനയില്‍ ശിവന്‍കുട്ടിയാണ് പുതിയ ഗുരുസ്വാമി. 20വര്‍ഷം ഗുരുസ്വാമി ആയിരുന്ന കുളത്തിനാല്‍ ഗംഗാധരന്‍ സ്വാമി വിരമിച്ചതോടെയാണ് പുതിയ ആളെ തിരഞ്ഞെടുത്തത്.

നാല്‍‌പത് വര്‍ഷമായി തിരുവാഭരണ പേടകങ്ങള്‍ വഹിക്കുന്നയാളാണ് ശിവന്‍കുട്ടി. ഇപ്പോള്‍ പ്രായം എഴുപത്തിയഞ്ച് വയസ്. തിരുവാഭരണ പേടകങ്ങളിലെ വെള്ളിപ്പെട്ടി പതിറ്റാണ്ടുകളായി ശിരസിലേറ്റിയിരുന്നത് ശിവന്‍കുട്ടി ആയിരുന്നു. പഴയ ഗുരുസ്വാമി വിരമിച്ചതോടെ അപ്രതീക്ഷിതമായി നിയോഗം ശിവന്‍കുട്ടി സ്വാമിയിലേക്ക് എത്തുകയായിരുന്നു.

ദുര്‍ഘടമായ പാതകള്‍ താണ്ടുവാന്‍ തുണ അയ്യപ്പനെന്ന് ശിവന്‍കുട്ടി സ്വാമി പറയുന്നു. യാത്രയില്‍ ക്ഷീണം അറിയില്ല. മനസു നിറയെ അയ്യപ്പനാണ്. ശരണംവിളിയുടെ ശക്തിയാണ് മുന്നോട്ട് നയിക്കുന്നത്. വരുന്ന പന്ത്രണ്ടിനാണ് തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് തുടങ്ങുന്നത്. പതിനാലിന് മകരവിളക്ക്. മകരവിളക്ക് ഉല്‍സവം പൂര്‍ത്തിയാക്കി ഇരുപതിന് നട അടച്ചേശഷമാണ് തിരുവാഭരണ പേടകങ്ങളുമായുള്ള മടക്കയാത്ര. ഇരുപത്തിമൂന്നിന് പന്തളത്ത് തിരിച്ചെത്തും.

ENGLISH SUMMARY:

Makaravilakku is a significant event at Sabarimala Ayyappan Temple. This year, a new Guruswami will lead the Thiruvabharanam procession, marking a change after two decades.