കിഫ്ബി വഴി കേരളത്തിൽ ശബരിമല തീർത്ഥാടകർക്കായി അഞ്ചിടത്ത് ഇടത്താവളങ്ങൾ ഒരുങ്ങുന്നു. നിലയ്ക്കലിൽ മാത്രം വിരി വയ്ക്കാൻ വേണ്ടി ഏഴ് കെട്ടിടങ്ങൾ ആണുള്ളത്. കഴക്കൂട്ടത്തെ കെട്ടിടം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 140 കോടിയിലധികം രൂപ ചെലവിട്ടാണ് കിഫ്ബി വഴിയുള്ള ശബരിമല ഇടത്താവള വികസനങ്ങള്‍. 

കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പത്ത് കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പണികഴിപ്പിച്ച ഈ ഇടത്താവളത്തിൽ ഒരേസമയം 300പേർക്ക് ഭക്ഷണം കഴിക്കാവുന്ന വിശാലമായ അന്നദാന മണ്ഡപവും സജ്ജീകരിച്ചിട്ടുണ്ട്.

ശബരിമല ബേസ് ക്യാംപായ നിലയ്ക്കലേക്ക് വന്നാല്‍ ഒരേപോലെയുള്ള ഏഴ് കെട്ടിടങ്ങളാണ് ഒരുങ്ങുന്നത്. അഞ്ച് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പാര്‍ക്കിങ് ഗ്രൗണ്ടിന്‍റെ മൂന്ന് ഭാഗത്തായാണ് കെട്ടിടങ്ങള്‍. നിലയ്ക്കലില്‍ കിഫ്ബി വഴി രണ്ട് പാര്‍ക്കിങ് ഗ്രൗണ്ടുകളും ഒരുങ്ങുന്നുണ്ട്. എരുമേലിയില്‍14.75 കോടി രൂപ ചെലവിട്ടാണ് കെട്ടിടവും പാര്‍ക്കിങ് ഗ്രൗണ്ടും അടക്കം നിര്‍മിച്ചത്. എരുമേലി ക്ഷേത്രത്തിന് എതിര്‍വശത്തായാണ് കെട്ടിടങ്ങള്‍. വയനാട് മണിയങ്കോട്ടപ്പന്‍ ക്ഷേത്രത്തില്‍ കിഫ്ബി ഫണ്ടില്‍ നിന്ന് 13.07 കോടി രൂപ ചെലവിട്ടാണ് രണ്ട് നിലകളുള്ള വിരി ബ്ലോക്ക് നിര്‍മിച്ചത്.

ശബരിമലയുടെ കവാടമായ ചെങ്ങന്നൂരില്‍ 40,000 ചതുരശ്ര അടിയിലാണ് കെട്ടിടം ഒരുങ്ങുന്നത്. 300 പേര്‍ക്ക് വിരിവയ്ക്കാനും 350പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനും കഴിയും. 2016ൽ എൽ.ഡി.എഫ് ഗവൺമെന്റ് അധികാരത്തിൽ വന്ന കാലത്ത് അന്ന് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇടത്താവളങ്ങൾ എന്ന ആശയത്തിന് രൂപം നൽകിയത്.

ENGLISH SUMMARY:

Sabarimala pilgrim facilities are being developed across five locations in Kerala through KIIFB, with a significant investment exceeding 140 crore rupees. This initiative aims to enhance the pilgrimage experience for devotees visiting the renowned temple.