കിഫ്ബിയുടെ സ്വതന്ത്രാധികാരത്തിന് പൂട്ട് വിഴുന്നതായിരിക്കും വി.ഡി സതീശന്‍ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. മോട്ടോര്‍ വാഹന നികുതിയും, ഇന്ധന സെസും നേരിട്ട് കിഫ്ബിക്ക് നല്‍കുന്നത് നിര്‍ത്തലാക്കും. ഇതിനായി കിഫ്ബി നിയമത്തില്‍ ഭേദഗതി കൊണ്ടും വരും. കിഫ്ബി സ്വന്തം നിലക്ക് വായ്പ എടുക്കുന്നതും അവസാനിപ്പിക്കും. റോഡുകള്‍, പാലങ്ങള്‍, സ്കൂള്‍–ആശുപത്രി കെട്ടിടങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കിഫ്ബിക്ക് കൈമാറുന്ന പതിവിനും അവസാനമാകും.
മോട്ടോര്‍ വാഹന നികുതിയായി 17,593 കോടി രൂപയും, ഇന്ധന സെസായി 4929 കോടി രൂപയുമായുമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കിഫ്ബിയിലേക്ക് പോയത്. അതായത്, ബജറ്റില്‍ സംസ്ഥാനത്തിന്‍റെ നികുതി വരുമാനമായി കണക്കാക്കപ്പെടുകയും, സര്‍ക്കാരിന്‍റെ പദ്ധതി, പദ്ധതിയേതര ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെടുകയും ചെയ്യേണ്ട 22,522 കോടി രൂപ. വര്‍ഷം ശരാശരി 2,502 കോടി രൂപ. ഈ തുക ഇനി സര്‍ക്കാരിന്‍റെ ഖജനാവിലേക്കെത്തും. കിഫ്ബി നിയമത്തിന്‍റെ ഏഴാം വകുപ്പ് പ്രകാരമാണ് സര്‍ക്കാരിന്‍റെ ഈ തനത് നികുതി വരുമാനം വകമാറ്റുന്നത്. അതിനാല്‍ നിയമഭേദഗതിയിലൂടെ മാത്രമേ ഇതിന് മാറ്റം വരുത്താന്‍ കഴിയൂ. അതിനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സ്വന്തം നികുതി വരുമാനത്തില്‍ നിന്ന് നല്‍കുന്ന വിഹിതത്തോടൊപ്പം പൊതുവിപണിയില്‍ നിന്ന് സ്വന്തം നിലയ്ക്ക് വായ്പ എടുത്താണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത്. കിഫ്ബിയുടെ വായ്പ സര്‍ക്കാരിന്‍റെ വായ്പയായാണ് കേന്ദ്രം പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ കിഫ്ബി സ്വന്തം നിലയ്ക്ക് വായപയെടുക്കുന്നതും അവസാനിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന കടപരിധിയില്‍ നിന്ന് കൊണ്ട് സംസ്ഥാനം വായ്പയെടുക്കുകയും, അതില്‍ നിന്നും കിഫ്ബിക്ക് ആവശ്യമുള്ള പണം സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതാകും പുതിയ രീതി. സാധാരണ ബജറ്റില്‍ സര്‍ക്കാരിന്‍റെ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തുന്ന റോഡുകള്‍, പാലങ്ങള്‍, സ്കൂള്‍,ആശുപത്രി,സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ കിഫ്ബിക്ക് വിട്ട് നല്‍കുന്ന രീതിയും ഇനിയുണ്ടാകില്ല. ഇത്തരം അടിസ്ഥാന സൗകര്യ പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടേ സര്‍ക്കാര്‍ വകുപ്പുകള്‍ നേരിട്ട് നടപ്പാക്കും. വരുമാന സാധ്യതയുള്ളവ മാത്രമായി കിഫ്ബിയുടെ പദ്ധതികള്‍ ചുരുങ്ങും.