ശബരിമലയിലെ കാണിക്ക വഞ്ചികളിൽ വീഴുന്നത് പണം മാത്രമല്ല നാരങ്ങയും തുണിയും അരിയും അടക്കമുള്ള സാധനങ്ങളാണ് . ഒരു ദിവസം വഞ്ചികളിലെ പണം എടുക്കാൻ അഞ്ചു മണിക്കൂറോളം വേണ്ടിവരും.
ശബരിമല സന്നിധാനത്ത് മകരവിളക്ക് കാലത്ത് അടക്കം 101 കാണിക്ക വഞ്ചികളാണ് ഉള്ളത്. വേഗം നിറയുന്ന വഞ്ചികൾ എല്ലാ ദിവസവും തുറക്കും. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയാൽ ഉച്ചയ്ക്ക് രണ്ടു മണിക്കാകും വഞ്ചി തുറക്കൽ അവസാനിക്കുക. വാരുന്ന നോട്ടുകൾ അതത് സമയം ചാക്കുകളിലേക്ക് മാറ്റും. പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും ദേവസ്വം ഗാർഡും പൊലീസും ഒപ്പം ഉണ്ടാവും.
ഒരു മാല പോലെയാണ് താക്കോലുകൾ സൂക്ഷിക്കുന്നത്. കാണിക്ക എടുത്തശേഷം വീണ്ടും കാണിക്കുവഞ്ചി പൂട്ടി തുണി ചുറ്റി മുദ്രവയ്ക്കും. കാണിക്ക വഞ്ചിയിൽ നിറയുന്നത് ഇന്ത്യൻ നാണയങ്ങളും നോട്ടുകളും മാത്രമല്ല എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കറൻസി നോട്ടുകളും വീഴും. പരാതികൾ, സങ്കടങ്ങൾ കത്തുകളായി നിറയും. വിസിറ്റിംഗ് കാർഡുകൾ, ഏലസുകൾ, തകിടുകൾ, നാരങ്ങ, വെറ്റില പാക്ക്, അരി, അവൽ, മലർ, നാരങ്ങ, പഴം, ശർക്കര ഉണ്ടകൾ, കൽക്കണ്ടം തുടങ്ങി പലവിധ സാധനങ്ങളാണ് കാണിക്ക വഞ്ചിയിൽ നിറയുന്നത്.
അതിവേഗം തുറന്നു മാറ്റിയില്ലെങ്കിൽ പലതും കുതിർന്ന് നോട്ട് നശിക്കുകയും ചെയ്യും. വാരുന്ന കാണിക്ക പണം എണ്ണുന്ന ഭണ്ഡാരത്തിലേക്ക് മാറ്റും. അയ്യപ്പന്റെ ഭണ്ഡാരം വീണ്ടും നിറഞ്ഞുകൊണ്ടിരിക്കും. നട അടച്ചു ആഴ്ചകൾ കഴിഞ്ഞാലും കഴിഞ്ഞാലും കാണിക്കയിലെ വരവ് എണ്ണി തീരില്ല. നാണയം എണ്ണാൻ ആധുനിക സംവിധാനങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പിലായിട്ടില്ല