പതിനെട്ട് മലകൾക്ക് സാക്ഷിയായി പതിനെട്ടാം പടി. മലചവിട്ടി ദർശനത്തിന് എത്തുന്നവരോട് നീയും ഞാനും ഒന്നാണെന്ന തത്വമസി മന്ത്രവുമായി ശബരിമല സന്നിധാനം. ഗുരുസ്ഥാനത്തേക്ക് മാറുന്നതിന്റെ അടയാളമായി തെങ്ങ് നട്ട് സ്വാമിമാർ ആചാരപ്പഴമ പിന്തുടരുന്നതും വിശ്വാസത്തിന്‍റെ ശരണവഴിയാണ്.
നോമ്പ് നോറ്റ്, മുദ്ര അണിഞ്ഞ് കന്നി അയ്യപ്പനായി മാറിയ കാലം. വ്രതാനുഷ്ഠാനത്തിന്റെ നാൽപ്പത്തൊന്ന് നാളും കടന്ന് സന്നിധാനം ലക്ഷ്യമാക്കിയുള്ള യാത്ര. ഈ യാത്രയ്ക്ക് പതിനെട്ട് തികയുമ്പോഴാണ് ഗുരുസ്വാമിയെന്ന സങ്കൽപ്പം യാഥാർഥ്യമാവുന്നത്. അതിന്‍റെ അടയാളമാണ് കെട്ടുനിറ മുദ്രയ്ക്കൊപ്പം വേരുറപ്പിക്കാനുള്ള തെങ്ങിൻ തൈയുമേന്തിയുള്ള യാത്ര. ദർശനത്തിന് ശേഷം ഭസ്മക്കുളത്തിന് സമീപമുള്ള മണ്ണിൽ തൈകൾ മണ്ണിനോട് അടുപ്പിക്കുമ്പോൾ ശബരിമല നട അടച്ചാലും എനിക്കൊപ്പം നടന്നേറിയ തെങ്ങിൻ തൈ ഈ മണ്ണിൽ വേരുറപ്പിച്ച് വളരുമെന്ന് സങ്കൽപ്പം.
ദിവസേന ആയിരക്കണക്കിന് സ്വാമിമാരാണ് തെങ്ങിൻ തൈയുമായി സന്നിധാനത്തേക്ക് എത്തുന്നത്. വന്യമൃഗശല്യ ഭീഷണിയുള്ളതിനാൽ തൈകൾ സമയാ സമയങ്ങളിൽ ഇളക്കി മാറ്റി ഉചിതമായ രീതിയിൽ മറ്റിടങ്ങളിൽ സംരക്ഷിക്കും. വിശ്വാസം എന്തായാലും ഇവിടെയൊരു അടയാളപ്പെടുത്തലുണ്ട്. സ്വാമിയുടെ നടയിലെത്തി ഗുരുസ്വാമിമാരായി മാറിയതിന്‍റെ മുദ്രചാർത്തൽ.