ആചാരപ്പെരുമയിൽ ശരംകുത്തിയിലേക്ക് അയ്യപ്പന്‍റെ എഴുന്നള്ളത്തും നായാട്ടുവിളിയും. ചടങ്ങിനു ശേഷം വാദ്യമേളങ്ങൾ ഒഴിവാക്കി വിളക്ക് അണച്ചായിരുന്നു മടക്കയാത്ര. ഉത്സവം കഴിഞ്ഞെന്ന സന്ദേശമായാണ് ഇങ്ങനെ മടങ്ങുന്നത്. മകരവിളക്ക് ദിവസം തുടങ്ങിയ കളമെഴുത്ത്, വിളക്കെഴുന്നള്ളത്ത്, നായാട്ടുവിളി ചടങ്ങുകള്‍ പൂര്‍ത്തിയായി.
തിരുവാഭരണ പേടകത്തിൽ കൊണ്ടുവന്ന അയ്യപ്പന്‍റെ മീശ പിരിച്ച മുഖത്തോടു കൂടിയ തിടമ്പ്. തലപ്പാറ ഉടുമ്പാറ മലകളുടെ കൊടികൾ. മണിമണ്ഡപത്തിൽ നിന്ന് കുന്നക്കാട്ട് കുടുംബത്തിന്‍റെ കാർമികത്വത്തിൽ എഴുന്നള്ളത്ത് തുടങ്ങി. എല്ലാ ദിവസവും പതിനെട്ടാം പടി വരെയാണ് എഴുന്നള്ളത്തെങ്കിൽ ഇന്ന് ശരംകുത്തിയിലേക്കാണ് .
യുദ്ധം കഴിഞ്ഞു ശബരിമലയിലേക്ക് വന്ന അയ്യപ്പനും പോരാളികളും ആയുധങ്ങൾ ഉപേക്ഷിച്ച ഇടം. ശരംകുത്തിയിലായിരുന്നു ഇന്ന് പുന്നമൂട്ടിൽ കുടുംബത്തിന്‍റെ നായാട്ടു വിളി. നായാട്ട് വിളിക്ക് ശേഷം തീ വെട്ടികൾ അണച്ചു. വാദ്യമേളങ്ങൾ ഒഴിവാക്കിയായിരുന്നു മടക്കയാത്ര. മാളികപ്പുറത്തമ്മ കന്നിഅയ്യപ്പന്മാരുടെ ശരങ്ങൾ കണ്ട് നിരാശയായി മടങ്ങുന്നു എന്ന മട്ടിലുള്ള ഒരു കഥ പ്രചരിച്ചിരുന്നു.
മകരവിളക്ക് അടിയന്തരവും വിളക്കെഴുന്നള്ളത്തും പൂർത്തിയായെന്നും വന്നവരെ അയ്യപ്പൻ യാത്രയാക്കുന്നു എന്നുമാണ് സങ്കല്പം. തിരിച്ചെഴുന്നള്ളത്ത് നിശബ്ദമായി മണിമണ്ഡപത്തിൽ സമാപിച്ചു