കാൽപത്തി രൂപത്തിൽ ഒരു കാച്ചിൽ. കോന്നി മുരിങ്ങമംഗലം സ്വദേശി ഇടമന രവീന്ദ്രൻ നായരുടെ കൃഷിയിടത്തിൽ നിന്നാണ് കൗതുകകരമായ കാഴ്ച. മനുഷ്യന്റെ കാൽപാദത്തോട് അമ്പരപ്പിക്കുന്ന സാമ്യമുള്ള കാച്ചിൽ കാണാൻ ഇപ്പോൾ രവീന്ദ്രൻ നായരുടെ വീട്ടിലേക്ക് നാട്ടുകാരുടെ തിരക്കാണ്.
ഇന്നലെ രാവിലെ പറമ്പിലെ കൃഷിയിടത്തിൽ പണി ചെയ്യുന്നതിനിടെയാണ് രവീന്ദ്രൻ നായരുടെ ശ്രദ്ധയിൽ ഈ കാച്ചിൽ പെടുന്നത്. മണ്ണിനടിയിൽ നിന്നും കിളച്ചെടുത്തപ്പോൾ കണ്ട രൂപം വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. ഒരു ചെറിയ കാൽപാദത്തിന്റെ അതേ ആകൃതിയിലുള്ള ഈ കാച്ചിലിൽ തള്ളവിരൽ ഉൾപ്പെടെ അഞ്ച് വിരലുകളും വ്യക്തമായി കാണാൻ സാധിക്കും. രൂപം കണ്ട് അത്ഭുതപ്പെട്ട രവീന്ദ്രൻ നായർ ഭാര്യ സരളയെയും മക്കളെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു.
സോഷ്യൽ മീഡിയയിലും ഇതിനോടകം ഈ കൗതുക ദൃശ്യം വൈറലായിക്കഴിഞ്ഞു. മുൻപും വിചിത്ര രൂപത്തിലുള്ള കാർഷിക വിളകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും വിരലുകൾ ഉൾപ്പെടെ ഇത്ര കൃത്യമായ രൂപം അപൂർവമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.