ക്യാൻസറിന്റെ വേദന വകവയ്ക്കാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയ തിരുവല്ല സ്വദേശി അഭിലാഷ് വെട്ടിക്കാടൻ ഇന്ന് അങ്കത്തട്ടിലാണ്. ക്യാൻസറിനെ പൊരുതി തോൽപ്പിച്ച ആത്മവിശ്വാസം കന്നി പോരാട്ടത്തിലും കരുത്തേകുമെന്നാണ് അഭിലാഷിൻ്റെ പക്ഷം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോരാട്ട ചൂടിനിടെയാണ് അഭിലാഷ് വെട്ടിക്കാടന് കാലിൻറെ അസ്ഥിയിൽ ക്യാൻസർ സ്ഥിരീകരിച്ചത്. കാൽമുട്ടിന് കടുത്ത വേദന. ക്യാൻസർ രണ്ടാം സ്റ്റേജ് കടന്നിരുന്നു. ഉടൻ ശസ്ത്രക്രിയ വേണം. അതുവരെയും പൂർണ്ണമായും വിശ്രമിക്കണം. ഇതൊക്കെയായിരുന്നു ആർസിസിയിൽ നിന്നുള്ള നിർദ്ദേശങ്ങൾ. പക്ഷേ പ്രിയ സുഹൃത്തുക്കൾ മത്സരത്തിനിറങ്ങുമ്പോൾ വെറുതെയിരിക്കാൻ അഭിലാഷിനായില്ല. വീടുകൾ കയറിയിറങ്ങി. വേദന മറന്ന് ചെറുചിരിയോടെ വോട്ടഭ്യർത്ഥിച്ചു.
അഞ്ചുവർഷങ്ങൾക്കിപ്പുറം കുറ്റൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് അഭിലാഷ്. ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അതിജീവനത്തിന്റെ ചിരിയാണ് അഭിലാഷിന്റെ മുഖത്ത് ഇന്നുള്ളത്. അമ്മ റോസമ്മയും ഭാര്യ ഷാനിയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം അഭിലാഷിന് പൂർണ്ണ പിന്തുണ നൽകി കൂടെയുണ്ട്.