പത്തനംതിട്ടയില്‍ വീടിന് മുന്നിലെ റോഡിലെ കുഴിയില്‍ ചിത്രം വരച്ച് ചിത്രകാരന്‍റെ പ്രതിഷേധം. വാഹനങ്ങള്‍ നിരന്തരം കുഴിയില്‍ വീണ് അപകടങ്ങള്‍ ഉണ്ടായതോടെ ആണ് വേറിട്ട് പ്രതിഷേധിച്ചത്. കണ്ണിന്‍റെ രൂപത്തിലായിരുന്ന കുഴി മണ്ണിട്ട് നികത്തുകയും ചെയ്തു.
പത്തനംതിട്ട വെട്ടൂര്‍ റോഡില്‍ മാസങ്ങളായി വീടിന് മുന്നില്‍ രണ്ട് കുഴികള്‍. ടിപ്പര്‍ ലോറികള്‍ കുഴിയില്‍ വീഴുമ്പോള്‍ വീട് കിടുങ്ങും. സ്കൂട്ടറുകള്‍ നിയന്ത്രണം വിട്ട് ഓടയില്‍ വീണും അപകടങ്ങള്‍. രാത്രിയിലടക്കം പരുക്കേറ്റവരുമായി ആശുപത്രി യാത്രകള്‍ .പലവട്ടം മണ്ണിട്ടു നികത്തി. മഴയത്ത് വീണ്ടും കുഴിയാവും.
രണ്ട് കണ്ണിന്‍റെ രൂപത്തിലായിരുന്നു കുഴികള്‍. അങ്ങനെ കുഴിയെ കണ്ണാക്കി വര തുടങ്ങി. വരച്ചു തീര്‍ന്ന ശേഷം വീണ്ടും കുഴിമൂടി. കണ്ണുകെട്ടിയ നീതിദേവയുടെ മുഖം പോലെയായി നീതികിട്ടാത്ത റോഡിലെ ചിത്രം. ഈ ചിത്രം കണ്ടെങ്കിലും കുഴിയടക്കാന്‍ ചുമതലപ്പെട്ടവരുടെ കണ്ണുതുറക്കുമെന്നും കുഴി നിത്യമായി അടയ്ക്കപ്പെടും എന്നുമാണ് പ്രിന്‍സിന്‍റെ പ്രതീക്ഷ.