പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. ശ്രീന ബന്ധു അല്ലെന്നും വ്യാജരേഖ ചമച്ചാണ് പേര് ഉൾപ്പെടുത്തിയതെന്നുംകാട്ടി കാർഡുടമയുടെ മക്കൾ നൽകിയ പരാതിയെത്തുടർന്ന് അടൂർ താലൂക്ക് സപ്ലൈ ഓഫീസറുടേതാണ് നടപടി. സിപിഐയുടെ ചതിയാണെന്നും ആ വസ്തു തൻറെ കൂടി പേരിലാണെന്നും ശ്രീനാദേവി പറഞ്ഞു
ശ്രീനാദേവി കുഞ്ഞമ്മ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ മത്സരിക്കുന്നതിനായി ഈ റേഷൻ കാർഡാണ് രേഖയായി ഹാജരാക്കിയിരുന്നത്. 2020ൽ സിപിഐ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതും 2025 ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചതും ഇതേ രേഖയിലാണ്. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലായിരുന്നു പേര് ചേർത്തിരുന്നത്. എന്നാൽ കാർഡുടമയ്ക്ക് അങ്ങനെയൊരു ബന്ധുവില്ലെന്ന് മക്കൾ പരാതി നൽകി 2024 സെപ്റ്റംബറിൽ കാർഡുടമ യശോദ മരിച്ചിരുന്നു. നിലവിൽ ഈ വിലാസത്തിൽ താമസക്കാരില്ലാത്തതിനാലാണ് കാർഡ് പൂർണ്ണമായും റദ്ദാക്കിയത്. അതേസമയം, റേഷൻ കാർഡ് റദ്ദാക്കിയ നടപടി സി.പി.ഐയുടെ ഗൂഢാലോചനയാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. ഭക്ഷ്യവകുപ്പ് ഭരിക്കുന്നത് സി.പി.ഐ ആയതിനാൽ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും സപ്ലൈ ഓഫീസർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. വിവാദമായ വീടും സ്ഥലവും തന്റെ കൂടി പേരിലാണെന്നും ഈ നടപടി തന്റെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കില്ലെന്നും ശ്രീനാദേവി പറഞ്ഞു
2020ൽ സിപിഐ തന്നെയാണ് ഈ വിലാസത്തിൽ പേര് ചേർക്കാൻ മുൻകൈയെടുത്തത്. കോൺഗ്രസ് പരാതി നൽകിയെങ്കിലും തള്ളിപ്പോയി. പിന്നീട് സിപിഐയിൽ നിന്ന് ഇടഞ്ഞ് കോൺഗ്രസ് സ്ഥാനാർത്ഥിയായി. 2025 ൽ ഇതിനെതിരെ സിപിഐ നൽകിയ പരാതിയും തള്ളിപ്പോയിരുന്നു. തുടർന്നാണ് കാർഡുടമയുടെ മക്കളെ സിപിഐ നേതാക്കൾ തന്നെ ഇടപെട്ട് രംഗത്തിറക്കിയത് എന്നാണ് ആരോപണം. കാർഡ് ഉടമയുടെ ഒരു മകളാണ് തൻറെ പകുതി വസ്തു ശ്രീനാദേവിയുടെ പേരിൽ കൂടി എഴുതി വച്ചത്