കടുവാപ്പേടിയില്‍ പുറത്തിറങ്ങാന്‍ ഭയന്ന് പത്തനംതിട്ട കുമ്പളത്താമണ്ണിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഒരു യുവാവ് കഷ്ടിച്ചാണ് കടുവയുടെ മുന്നില്‍ നിന്ന് രക്ഷപെട്ടത്. പിടികൂടാന്‍ വച്ച കൂട്ടിലേക്ക് കടുവ ഇനിയും കയറിയിട്ടില്ല.വടശേരിക്കര ബാലപാടിയില്‍ വീട്ടുമുറ്റത്താണ് കടുവയെത്തിയത്.
ഫോണുമായി പുറത്തിറങ്ങിയ സായൂജ് എന്ന യുവാവാണ് കടുവയ്ക്ക് മുന്നില്‍പ്പെട്ടത്. പിന്നീട് നിലവിളിച്ചോടി രക്ഷപെട്ടു. വീട്ടുകാര്‍ അടക്കം എത്തി ബഹളം വച്ചതോടെ കടുവ ഓടിമറഞ്ഞു.
കഴിഞ്ഞദിവസമാണ് വടശേരിക്കര കുമ്പളത്താമണ്ണില്‍ ജനവാസമേഖലയിലെ പാടത്ത് മേയാന്‍ വിട്ട പോത്തിനെ കടുവ പിടിച്ചത്. ക്യാമറ സ്ഥാപിച്ച് കടുവയെന്ന് ഉറപ്പിച്ച് കൂടും വച്ചു. പോത്തിന്‍റെ ശേഷിച്ച ഭാഗങ്ങള്‍ കൂട്ടിലിട്ടു. കഴിഞ്ഞ രാത്രി കൂടിന് ചുറ്റും നടന്നതല്ലാതെ കടുവ കൂട്ടില്‍ കയറിയില്ല. ഇതിനിടെയാണ് ബാലപാടി പ്രദേശത്തും ഈ കടുവയെത്തിയത്