മഹാത്മാഗാന്ധി പ്രസംഗിച്ച സ്‌കൂൾ അങ്കണത്തിൽ സ്ഥാപിക്കുന്നതിനായി എത്തിച്ച പ്രതിമ കണ്ടാൽ ഗാന്ധി എന്ന് തോന്നില്ല. നാട്ടുകാരുടെ പരാതിയെ തുടർന്നു പ്രതിമ തിരികെ കൊണ്ടുപോയി. പത്തനംതിട്ട അടൂർ വടക്കടത്തുകാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ആൽമരച്ചുവട്ടിൽ സ്‌ഥാപിക്കുന്നതിനാണു പ്രതിമ എത്തിച്ചത്. കൽപ്രതിമയുടെ മുഖത്തിനു ഗാന്ധിജിയുടെ രൂപസാദൃശ്യമില്ലായിരുന്നു.
ഗാന്ധിജിയുമായി ഒട്ടും സാമ്യമില്ലാത്ത പ്രതിമ കണ്ടു നാട്ടുകാർ പരാതി ഉന്നയിച്ചതോടെ എത്തിച്ചവർതന്നെ ഇളക്കി തിരികെ കൊണ്ടുപോയി. ചെങ്ങന്നൂരിലാണു പ്രതിമ നിർമിച്ചത്. മുൻപു സ്‌ഥാപിച്ചിരുന്ന പ്രതിമ വീണു തകർന്നിരുന്നു. സ്കൂൾ വളപ്പിൽ അപകടാവസ്‌ഥയിൽ നിൽക്കുന്ന മരച്ചില്ല മുറിച്ചു നീക്കം ചെയ്യുന്നതിനിടയിലാണു പ്രതിമ തകർന്നത്. തുടർന്നാണു ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പ്രതിമ പുനഃസ്‌ഥാപിക്കുന്നതിനു നിർമാണം തുടങ്ങിയത്.