ദൂരയാത്ര ചെയ്യുമ്പോൾ പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും എന്തു ചെയ്യുമെന്ന ആശങ്ക ഇനി വേണ്ട. വാഹനയാത്രക്കാരിൽ നിന്ന് ഹരിത കർമ സേന നേരിട്ട് മാലിന്യം ശേഖരിക്കും. പത്തനംതിട്ട റാന്നി പഞ്ചായത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
വാഹനത്തിരക്കേറിയ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നാലുസ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മാലിന്യം ശേഖരിക്കൽ. ദീർഘദൂര യാത്രക്കിടയിൽ വെള്ളം കുടിച്ചു തീരുന്ന കുപ്പിയും പ്ലാസ്റ്റിക് കവറുകളും കുന്നു കൂടുന്നത് സ്ഥിരം കാഴ്ചയാണ്. ബാക്കി വന്ന കുപ്പികൾ വലിച്ചെറിയുന്നതാണ് പലരുടെയും പതിവ്. ഇതു മനസ്സിലാക്കിയാണ് റാന്നി പഞ്ചായത്ത് പുതിയ പദ്ധതി വിഭാവനം ചെയ്തത്.
ഒറ്റ ദിവസം കൊണ്ട് കിലോ കണക്കിന് മാലിന്യമാണ് ഇത്തരത്തിൽ ശേഖരിക്കാൻ കഴിഞ്ഞത്. മാലിന്യം കൈമാറാൻ യാത്രക്കാരും തയ്യാറായി. ഒഴിവു ദിവസങ്ങളിൽ കൂടുതൽ ഹരിത കർമ്മ സേനാംഗങ്ങളെ നിയോഗിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം.