chitoor-bridge

TOPICS COVERED

പണി തുടങ്ങി ഒൻപത് വർഷം പിന്നിട്ടിട്ടും പൂർത്തിയാകാതെ കോന്നി ചിറ്റൂർ കടവ് പാലം. 12.25 കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണം പറഞ്ഞാണ് പണിമുടങ്ങിയിരിക്കുന്നത്. കടത്തും ഇല്ലാതായതോടെ നാട്ടുകാരുടെ യാത്രാക്ലേശം രൂക്ഷമായി.

റിവർ മാനേജ്മെന്‍റ് ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടരക്കോടി രൂപ ചിലവിലാണ് അച്ചൻകോവിലാറിന് കുറുകെ 2016ൽ പാലം പണി തുടങ്ങിയത്. തൂണുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് പണം ലഭിക്കാതെ വന്നതോടെ വിഷയം കോടതിയിലെത്തി പണി മുടങ്ങി. ഇതിനിടെ നിലവിലെ തൂണുകൾ സുരക്ഷിതമല്ല എന്ന് വിദഗ്ധസംഘം വിലയിരുത്തി. തുടർന്നാണ് അത്യാധുനിക രീതിയിൽ പാലം പണിയാമെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് 12.25 കോടി രൂപ അനുവദിച്ചത്. കരാറുകാർ അധികം പണം ചോദിച്ചതാണ് ഇപ്പോഴത്തെ പ്രവർത്തന തടസ്സത്തിന് കാരണം.

അഞ്ചു സ്പാനുകളിലായി 232.15 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ആണ് പുതിയ പാലത്തിൻ്റെ പ്ലാൻ. 240 മീറ്റർ അപ്പ്രോച്ച് റോഡും പ്ലാനിലുണ്ട്. പാലം യാഥാർത്ഥ്യമായാൽ കോന്നിയുടെ കിഴക്കൻ മേഖലയിൽ നിന്ന് മലയാലപ്പുഴ, തണ്ണിത്തോട്, ഗവി ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും. ചിറ്റൂരിൽ നിന്ന് കോന്നി മെഡിക്കൽ കോളജ് ആശുപത്രിലേക്കും വേഗമെത്താനാകും. പാലം പണി ഇനിയും തുടങ്ങിയില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. 

ENGLISH SUMMARY:

Konni Chittur Bridge faces significant delays nine years after construction began. The project stalled due to technical reasons despite an allocation of 12.25 crore rupees, causing severe travel hardship for residents.