തിരുവോണത്തോണിയില്‍ ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ എത്തിക്കാനുളള അരി ഒരുങ്ങി. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് അവകാശികളായ കുടുംബങ്ങള്‍ നെല്ല് ഉരലില്‍ കുത്തിയെടുത്തത്. ഉത്രാടനാളില്‍ സന്ധ്യയ്ക്ക് തിരുവോണത്തോണി പുറപ്പെടും.
ആറന്‍മുള ചോതി അളവില്‍ കിട്ടിയ 18 പറ നെല്ലാണ് ഉരലില്‍ കുത്തി അരിയാക്കിയത്. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍1 8 നായര്‍ കുടുംബങ്ങള്‍ ചേര്‍ന്ന് വീതിച്ചെടുത്ത് നെല്ലു കുത്തി. കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ചുകൂടി തങ്ങളുടെ വിഹിതം ഉരലില്‍ കുത്തി,അരി പാറ്റിക്കൊഴിച്ച് തയാറാക്കും. മങ്ങാട്ട് ഭട്ടതിരി അരിയേറ്റുവാങ്ങി തിരുവോണപ്പുലരിയില്‍ ആറന്‍മുള ക്ഷേത്രത്തില്‍ എത്തിക്കും. ഈ അരി ഓണസദ്യയ്ക്കും നിവേദ്യത്തിനായുളള പായസത്തിനും ഉപയോഗിക്കും.
ഒരിക്കല്‍ തിരുവോണത്തോണി കൊള്ളയടിക്കപ്പെട്ട കാലത്താണ് കാവലിനായി പള്ളിയോടങ്ങള്‍ നിര്‍മിച്ചത്. ആറന്‍മുള ക്ഷേത്രത്തിലെ ഉതൃട്ടാതി വള്ളംകളി, വള്ളസദ്യ, പള്ളിയോടം തുടങ്ങി എല്ലാ ആഘോഷങ്ങളുടേയും അടിസ്ഥാനം തിരുവോണത്തോണിയുടെ വിഭവങ്ങളുമായുള്ള യാത്രയാണ്.