സ്കൂൾ മുറ്റം കയ്യേറിയുള്ള കുടുംബശ്രീ കടയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ കയ്യേറ്റം. പത്തനംതിട്ട തൈക്കാവ് സ്കൂളിലാണ് കട തുടങ്ങിയത്. അനുമതി നൽകിയില്ലെന്നും മാറ്റി സ്ഥാപിക്കണമെന്നും സ്കൂൾ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.
പത്തനംതിട്ട തൈക്കാവ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ മുറ്റം കയ്യേറിയാണ് കട. ക്ലാസ് മുറിയുടെ മുന്നിൽ കുട്ടികളുടെ കളിസ്ഥലത്താണ് കട സ്ഥാപിച്ചത്. പ്രതിഷേധം അവഗണിച്ച് ഉദ്ഘാടനം നടത്തിയതോടെയാണ് തർക്കമായത്. കടയുമായി ബന്ധപ്പെട്ടവരാണ് വിദ്യാർഥികൾക്ക് നേരെ തിരിഞ്ഞത്.
പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ക്ലാസ് മുറിയുടെ മുന്നിലെ കട പലതരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് രക്ഷിതാക്കളും പറഞ്ഞു. തങ്ങളുടെ അനുമതി വാങ്ങിയിട്ടില്ലെന്നും സ്കൂൾ വളപ്പിൽ മറ്റൊരു സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു കടയ്ക്ക് നഗരസഭ അനുമതി നൽകിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷകൾക്ക് അടക്കം എത്തുന്നവരെ ലക്ഷ്യമിട്ടാണ് കട. വിവരങ്ങൾ ചോദിച്ച മാധ്യമങ്ങൾക്ക് നേരെയും കടയുമായി ബന്ധപ്പെട്ടവർ തട്ടിക്കയറി.