ശബരിമല സന്നിധാനത്ത് മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിന്റെ ‘അയ്യപ്പ മാഹാത്മ്യം’. ഏഴു വയസ്സുള്ള അദ്വൈത് മുതൽ 61 വയസുള്ള ബാലകൃഷ്ണൻ ആശാൻ വരെ വേദിയിൽ നിറഞ്ഞാടി. ശാസ്താ ഓഡിറ്റോറിയത്തിൽ 28 അംഗ കലാസംഘമാണ് കഥകളി അവതരിപ്പിച്ചത്. പതിനെട്ടാം പടിക്ക് താഴെ അയ്യപ്പ ദർശനത്തിനായി ഭക്തരെങ്ങനെ കാത്ത് നിൽക്കുകയാണ്... നടപ്പന്തലിന് ഒരു വശത്ത് അയ്യപ്പന്റെയും മഹിഷിയുടെയും വേഷപ്പകർച്ച.
ആലങ്കാരികതയ്ക്ക് അപ്പുറം പൂർണത തേടി കാത്തിരിക്കുന്ന വേഷവിധാനങ്ങൾ. ചായം കൃത്യമായി അരച്ച് ചാലിച്ച് മുഖത്തേക്ക്... ചമയത്തിന്റെ ഓരോരോ ഭാവങ്ങൾ അങ്ങനെ മാറി മുഖത്തെഴുത്ത്, ചുട്ടികുത്തൽ, ഉടുത്ത് കെട്ടലും പൂർത്തിയാക്കി കഥയിലേക്ക്... ഹരിഹരപുത്രൻ്റെ അവതാരം മുതൽ ധർമ്മശാസ്താവായി ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ചരിതം അങ്ങനെ അരങ്ങിൽ പുനർജനിച്ചു.
അമ്മയുടെ രോഗശമനത്തിനായി പുലിപ്പാൽ തേടി കാട്ടിലെത്തുന്ന മണികണ്ഠനും, മഹിഷി നിഗ്രഹവും ഭക്തിനിർഭരമായി. മഹിഷിയായി കലാമണ്ഡലം പ്രശാന്ത് വേഷമിട്ടു. പ്രശാന്തിന്റെ മകൻ അഭിജിത്ത് പ്രശാന്ത് മണികണ്ഠനായെത്തി. മധു വാരണാസി, കലാമണ്ഡലം നിധിൻ ബാലചന്ദ്രൻ, കലാമണ്ഡലം ആരോമൽ, അഭിഷേക് മണ്ണൂർക്കാവ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തി. കഥകളിയിൽ അയ്യപ്പ ചരിതം ആടുന്നത് വിരളമാണെങ്കിലും... മണ്ഡലകാലത്തിന്‍റെ പുണ്യത്തിൽ അത്രയേറെ ആരാധിക്കുന്ന അയ്യന് കാണിക്കയായി മറ്റെന്ത്.നൽകാനാകും.