thiruvalla-waste-water

TOPICS COVERED

കോടതിയും സർക്കാർ കെട്ടിടങ്ങളും പ്രവർത്തിക്കുന്ന തിരുവല്ല റവന്യൂ ടവറിലെ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യത്തിന്റെ സാന്നിധ്യം. കക്കൂസ് മാലിന്യത്തിൽ കാണുന്ന ഇ.കോളി 32 CFU, കോളിഫോം 100 CFU എന്നിവ വെള്ളത്തിലുണ്ടെന്ന് ടെസ്റ്റ് റിപ്പോർട്ട്. ജല അതോറിറ്റിയുടെ പരിശോധന ഫലം മനോരമ ന്യൂസിന് ലഭിച്ചു.

റവന്യൂ ടവറിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പാണിത്. ചുറ്റും കാണുന്നത് റവന്യൂ ടവറിലെ ശുചിമുറിയിൽ നിന്ന് ഒഴുകുന്ന മലിനജലവും. കഴിഞ്ഞ ദിവസം ഈ പൈപ്പ് പൊട്ടി. വെള്ളം വായിലിട്ടപ്പോൾ രുചി വ്യത്യാസം തോന്നിയ ജീവനക്കാരാണ് വെള്ളം പരിശോധനയ്ക്കയച്ചത്. പരിശോധന ഫലത്തിൽ കക്കൂസ് മാലിന്യം വെള്ളത്തിൽ കലർന്നിട്ടുണ്ടെന്ന് വ്യക്തമായി.

കെട്ടിടത്തിന്റെ അടിത്തട്ടിലാണ് വെള്ളം ശേഖരിക്കുന്നത്. 2018ലെ പ്രളയത്തിൽ വെള്ളം കയറി ജലം മലിനമായെങ്കിലും ഇതുവരെയും പരിഹാരം കണ്ടിട്ടില്ല. ടാങ്കുകൾ മൂടിയിട്ട് പോലുമില്ല. ഹൗസിംഗ് ബോർഡ് എൻജിനീയറിന്റെയും ഹൗസിംഗ് ബോർഡ് മെമ്പറിന്റെയും നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിൽ ജീവനക്കാർ വിഷയം ഉന്നയിച്ചു. അതേസമയം വിഷയത്തിൽ അടിയന്തര പരിഹാരത്തിനായി ശ്രമിക്കുമെന്ന് തിരുവല്ല തഹസിൽദാർ പറഞ്ഞു.

ENGLISH SUMMARY:

Thiruvalla water contamination crisis at the Revenue Tower, where court and government offices are located, reveals the presence of toilet waste in the drinking water. Test reports indicate the presence of E. coli and Coliform bacteria, raising serious health concerns.